രജൗരി: ജമ്മു കാശ്മീരിലെ രജൗരിയിൽ 6 ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. ഡിസംബർ 7 മുതലാണ് ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
വിഷം നൽകിയതാണോ എന്നതടക്കം അന്വേഷണ പരിധിയിൽ എന്ന് ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിശദമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സംഘത്തെ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ന്യൂറോടോക്സിനുകളാണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്നാണ് ശനിയാഴ്ച ആരോഗ്യ വകുപ്പ് മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. രജൗരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ആശ ഭാട്ടിയ, ബുദാൽ എംഎൽഎ ജാവേദ് ഇഖ്ബാൽ ചൌധരി അടക്കമുള്ള സംഘമാണ് ശനിയാഴ്ച ഇക്കാര്യം വിശദമാക്കിയത്. മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. തലച്ചോറിൽ നീർക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു.
തലച്ചോറിൽ സാരമായ തകരാറ് അനുഭവപ്പെട്ടിരുന്നു. ഇവരുടെ രോഗാവസ്ഥയിൽ പുരോഗതിയുണ്ടാക്കാൻ സാധ്യമാക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. ഡിസംബർ 7 മുതൽ ജനുവരി 17നും ഇടയിലായി ഇവിടെ അസ്വാഭാവികമായി 16 പേരാണ് മരണപ്പെട്ടത്.
കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയോടെയാണ് രോഗികൾ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ അസുഖബാധിതയായ 15കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും അസുഖം ബാധിച്ചു. ഇതിൽ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു. ഇവർ സമൂഹ അന്നദാനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുണ്ട്.
1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും സ്ഥിതി ചെയ്യുന്നത്. പകർച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കശ്മീർ സർക്കാർ അറിയിച്ചിട്ടുള്ളത്.