തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ നാല് കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി.ജീവനക്കാർ ക്രൂരമായാണ് മർദിച്ചതെന്നും 15 മിനിറ്റോളം മുറിയിൽ ബന്ദിയാക്കിയെന്നും മർദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനൻ പറഞ്ഞിരുന്നു. മകളുടെ കൺസഷൻ പുതുക്കാനായാണ് ഡിപ്പോയിൽ പോയത്. പഴയ കൺസഷൻ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസഷൻ അനുവദിക്കണമെങ്കിൽ വീണ്ടും കോഴ്സ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും മൂന്നുവർഷത്തെ കോഴ്സ് പഠിക്കുന്നയാളോട് ഇടയ്ക്കിടെ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി, പ്രേമനൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകൾക്ക് ഇപ്പോൾ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞിട്ടും അവർ കൺസഷൻ അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരൻ തർക്കിച്ചു. പിന്നാലെ കൂടുതൽ ജീവനക്കാരെത്തി മർദിച്ചു. എന്റെ നെഞ്ചിലടക്കം ഇടിച്ചു.
പപ്പയെ തല്ലല്ലേ എന്ന് മകൾ നിലവിളിച്ചു. മകൾക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാൽ 15 മിനിറ്റോളം എന്നെ അവർ മുറിയിൽ ബന്ദിയാക്കി. മകൾക്ക് പരീക്ഷയുള്ളതിനാൽ പിന്നീട് ഞാൻ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനൻ പറഞ്ഞു.