ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയൻ്റെ മകൻ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കും. സംഭവത്തിന് മറ്റു ദൃക്സാക്ഷികളൊന്നും ഇല്ലാത്തിനാലാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, കേസിൽ മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു കോടതിയിൽ അപേക്ഷ നൽകി. വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും നവജാത ശിശുവിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു.
കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് വഴിത്തിവിലെത്തിയത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവർ മോഷണക്കേസിൽ അറസ്റ്റിലാവുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പൊലീസിനെ സംശയത്തിലാക്കി. ഈ വീട്ടിൽ താമസിച്ചിരുന്ന വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. പിന്നീട് വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. വിജയനും നിതീഷും തമ്മിലുണ്ടായ അടിപിടിയിൽ അച്ഛൻ മരിച്ചുവെന്നാണ് സഹോദരിയുടെ മൊഴി.
ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും മൊഴി നൽകിയിരുന്നു. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നുവെന്നും മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോയത്.