കട്ടപ്പന: സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തും വീട് വെക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞമല താറാവിള വീട്ടിൽ സുരേഷ് കുമാറിനെ(49)യാണ് കട്ടപ്പന ഡിവൈഎസ്.പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെയാണ് പ്രതി കബളിപ്പിച്ചത്. സിനിമയിൽ ജോലിയും വീടു വയ്ക്കാൻ സഹായവും വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ശേഷം 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ കട്ടപ്പന പോലീസ് പിടികൂടിയത്.
ഇയാൾ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ് എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്യ്തിരുന്നു. കൃത്യത്തിനു ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്ഐ മാരായ മോനിച്ചൻ എം. പി, ഡിജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇനിയും കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ടിയാൻ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ കുറ്റവാളില് അടങ്ങിയിട്ടുണ്ടാവാം എന്നും അതിലേക്ക് പ്രതിയെ കച്ചേരിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അറിയിച്ചു.