തിരുവല്ല: കവിയൂരിൽ വീടിനു മുകളിൽ വൻ മരം കടപുഴകി വീണു. കവിയൂർ മുണ്ടിയപ്പള്ളി ഐക്കുഴിയിലാണ് വീടിനു മുകളിൽ മരം കടപുഴകി വീണത്. ഒന്നാം വാർഡിൽ വല്യപറമ്പിൽ ചന്ദ്രന്റെ വീടിനു മുകളിലേക്കാണ് മരം വീണ് വീട് മുഴുവനായും ഇടിഞ്ഞു പോയത്. ബുധനാഴ്ച ഉച്ചയോടെയാണ് ചന്ദ്രന്റെ പറമ്പിൽ നിന്നിരുന്ന വലിയ പുളിമരം മൂടോടെ കടപുഴകി വീണത്. സംഭവ സമയത്ത് വീടിനുള്ളിൽ ആരും തന്നെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട്ടിലെ താമസക്കാരായ ചന്ദ്രനും ഭാര്യ ലത ചന്ദ്രനും മകൻ ശരത്തും ജോലിസ്ഥലത്തായിരുന്നു. തൊഴിലുറപ്പ് പണിയ്ക്കു പോയ ലതാചന്ദ്രൻ ഉച്ചയ്ക്ക് ചോറുണ്ണുവാൻ വീട്ടിലേക്ക് വന്നപ്പോൾ ആണ് വീടിനു മുകളിൽ മരം വീണുകിടക്കുന്നത് കണ്ടത്. വീട് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വീട്ടിലുണ്ടായിരുന്ന ചന്ദ്രൻ ഇന്നാണ് ജോലിയ്ക്കു പോയി തുടങ്ങിയത്. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ വാർഡ് മെമ്പർ റെയ്ച്ചൽ വി മാത്യു , പഞ്ചായത്ത് മെമ്പർ ശ്രീകുമാരി, സിപിഎം ഏരിയാകമ്മിറ്റിയംഗം കെ സോമൻ എന്നിവർ സംഭവസ്ഥലത്ത് എത്തി.