തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ശേഷം കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പോലീസ് സംഘം തിരുവനന്തപുരത്തെത്തി. വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ സിഡബ്ല്യുസി ഏറ്റെടുപ്പെടുത്തു. പൂജപ്പുരയിലെ ഷെൽട്ടർ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആർക്ക് കൈമാറണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷമാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്സ്പ്രസിലെ ബർത്തിൽ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്തുവെച്ച് തിരിച്ചറിഞ്ഞത്. വിശാഖപട്ടണം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഹോമിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. തുടർന്ന് കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ആന്ധ്രയിലെത്തിയാണ് കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്.