കാരാപ്പുഴ : അമ്പലക്കടവിൽ മുൻ വൈരാഗ്യത്തെ തുടർന്ന് അക്രമി സംഘം മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണം കണ്ട് തടയാൻ എത്തിയ ആൾക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയായ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ വിഷ്ണു, സുബിൻ എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ തങ്കു പാസ്റ്ററിന്റെ ഡ്രൈവറായ രോഹിത്, ലാലു എന്നിവർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് യുവാക്കൾ തമ്മിൽ മുൻപ് തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ രോഹിത്ത് അടങ്ങുന്ന സംഘം ചോദിക്കാൻ എത്തുകയായിരുന്നു. ഇതേ തുടർന്ന് ഇവരും ഇവിടെയുണ്ടായിരുന്ന യുവാക്കളുടെ സംഘവും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം കണ്ട് ഓടിയെത്തി തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജിയ്ക്ക് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് വെട്ടേറ്റയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.