“പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണം; പാർട്ടി ലൈൻ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണം”; ശശി തരൂരിന്റെ നടപടിയിൽ രൂക്ഷ പ്രതികരണവുമായി കെ.സി വേണുഗോപാൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തികൊണ്ടുള്ള ശശി തരൂരിന്‍റെ നടപടിയിൽ രൂക്ഷ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി ലൈൻ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. 

Advertisements

ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാടുണ്ടാകണമെന്നും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടുള്ളയാളാണ് താനെന്നും കെസി വേണുഗോപാൽ പറഞ്ഞു. മോദിയെ പ്രകീർത്തിച്ചതിനെ കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിൽ മോദിയെ പുകഴ്ത്തി ശശി തരൂര്‍ വീണ്ടും രംഗത്തെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ വിമര്‍ശനം കടുക്കുമ്പോൾ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി രംഗത്തെത്തി. തന്‍റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂർ പറയുന്നത്. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തന്‍റെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.മോസ്കോയിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിലാണ് പ്രധാനമന്ത്രിയുടെ ഊർജ്ജത്തെ പ്രകീർത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂർ വിശദീകരിച്ചു. രാഷ്ട്രീയ വ്യത്യാസം അതിർത്തികളിൽ തീരണം.ബിജെപിയുടെ വിദേശ നയമെന്നോ, കോൺഗ്രസിന്‍റെ വിദേശനയമെന്നോ ഒന്നില്ല. ഒരൊറ്റ വിദേശനയമേയുള്ളൂ ,അത് ഇന്ത്യയുടെ വിദേശ നയമാണ്. 

ആ നയത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു. ലേഖനത്തിലൂടെ പറഞ്ഞത് ഓപ്പറേഷൻ സിന്ദൂറിലെ സർവകക്ഷി സംഘത്തിന്‍റെ യാത്ര വിജയത്തെ കുറിച്ചാണ്. എല്ലാ പാർട്ടികളും രാഷ്ട്രീയ അഭിപ്രായം മാറ്റി വച്ച് ഐക്യത്തോടെ ഇന്ത്യയുടെ ശബ്‍ദമുയർത്തിയെന്നാണ് വിവരിച്ചതെന്നും തരൂർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെയായിരുന്നു ശശി തരൂരിന്‍റെ മോദി സ്തുതി. സമാനകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും, ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തി. ശശി തരൂരിന്‍റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചിരുന്നു.

Hot Topics

Related Articles