തിരുവനന്തപുരം: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഉണ്ടായതിന് സമാനമായി കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുനേരെയും വേട്ടയാടല്‍ ഉണ്ടാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് കേരളത്തില്‍ ഏത് സാഹചര്യവും വരാം. എന്തൊക്കെ കടന്നാക്രമണങ്ങള്‍ ഉണ്ടായാലും അവയെ എല്ലാം അതിജീവിക്കും, കേജ്രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റുചെയ്യുമെന്നുള്ള മുന്നറിയിപ്പ് നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരാമായും മറ്റുമുളള പ്രവർത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വൻ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നുപറഞ്ഞ എംവി ഗോവിന്ദൻ രാജ്യത്ത് സിഎഎ നടപ്പാക്കുന്നതിലൂടെ ഒരുവലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഫാസിസ്റ്റ് രീതിയാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നാണ് അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.