തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ പാദ പരീക്ഷകൾക്ക് കേവലം ദിവസങ്ങൾ മാത്രം ശേഷിക്കേ, പുസ്തകങ്ങൾ വിതരണം ചെയ്യേണ്ട എൻസിഇആർടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏപ്രിൽ ഒന്നിനാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ചത്. എന്നാൽ നാല് മാസങ്ങൾ പിന്നിട്ടിട്ടും അധ്യാപകർക്ക് പഠന സാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പുസ്തകങ്ങളില്ലാതെ വിദ്യാർത്ഥികൾക്ക് പരീക്ഷയെ നേരിടാൻ സാധിക്കില്ലെന്നും ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപുതന്നെ സർക്കാർ പാഠപുസ്തകങ്ങൾ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എൻസിഇആർടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങൾ സ്കൂളിൽ ലഭ്യമാക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകൾ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങൾ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാർത്ഥികൾ പുസ്തകം വാങ്ങേണ്ട സ്ഥിതിയിൽ എത്തിക്കും. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തി അടിയന്തരമായി പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.