ഡൽഹി : അദാനി എനർജി സൊല്യൂഷൻസും കെനിയയിലെ പൊതുമേഖലാ സ്ഥാപനവും തമ്മിൽ ഒപ്പിട്ട 736 ദശലക്ഷം ഡോളറിൻ്റെ ഊർജ്ജ പദ്ധതി കരാർ കെനിയയിലെ ഹൈക്കോടതി റദ്ദാക്കി. കെനിയ ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ കമ്പനിയും അദാനി എനർജി സൊല്യൂഷൻസും തമ്മിലുണ്ടാക്കിയ കരാറാണ് റദ്ദാക്കപ്പെട്ടത്.
ലോ സൊസൈറ്റി ഓഫ് കെനിയ എന്ന സംഘടനയാണ് 30 വർഷത്തേക്കുള്ള കരാറിനെതിരെ കോടതിയെ സമീപിച്ചത്. രാജ്യത്തിൻ്റെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഊർജ്ജ പ്രതിസന്ധിക്കും കരാർ പരിഹാരമാകുമെന്ന് ഊർജ്ജ മന്ത്രാലയം വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. ഇടപാട് ഭരണഘടനാ വിരുദ്ധമെന്നും നിബന്ധനകൾ രഹസ്യമാക്കി വെച്ചെന്നും പരാതിയിൽ ലോ സൊസൈറ്റി ഓഫ് കെനിയ ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെനിയയിലെ പ്രധാന വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇന്ത്യൻ അതിസമ്പന്നന് കെനിയയിൽ രണ്ടാമത്തെ തിരിച്ചടി നേരിടുന്നത്. ജോമോ കെന്യാറ്റ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിക്കൊപ്പമാണ് 30 വർഷത്തേക്ക് വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അവകാശവും അദാനി ഏറ്റെടുക്കാൻ ശ്രമിച്ചത്.
എന്നാൽ കെനിയയിലെ പ്രതിപക്ഷം അദാനിക്ക് വെല്ലുവിളി ഉയർത്തി രംഗത്തെത്തി. 203 ബില്യൺ ഡോളറിൻ്റെ കള്ളപ്പണ കേസിൽ സ്വിസ് ഏജൻസി അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറിലെ നിബന്ധനകൾ ഒളിപ്പിക്കാൻ കെനിയ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.