കോട്ടയം: രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ പൗരസമൂഹം അതിജീവിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. കോട്ടയം ജില്ലാ പ്രതിനിധി സഭ അറവുപുഴ എച്ച് ഐ എം ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർവ്വ മേഖലകളിലും ഫാസിസം പിടിമുറുക്കിയതിന്റെ ദുരന്തം രാജ്യം അനുഭവിക്കുകയാണ്. മനുഷ്യനെ മനുഷ്യനായി പോലും അംഗീകരിക്കാതെ മനുസ്മൃതിയെ ഭരണഘടനയെക്കാൾ പ്രാധാന്യം നൽകുന്നു. ചെറുതും വലുതുമായ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും അന്വേഷണ ഏജൻസികളെ കൊണ്ടും ജയിലറകൾ കാണിച്ചും ഭയപ്പെടുത്താൻ ശ്രമിക്കുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് കരുതുന്ന മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിൽ 161ാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നു. ഈ ഗുരുതര രാഷ്ട്രീയ സാഹചര്യത്തിലും ക്രിയാത്മകമായി ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയാത്തത് പ്രതിപക്ഷ പാർട്ടികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്നും സാഹചര്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ പൗര സമൂഹം പ്രാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ സംസ്ഥാന സമിതി അംഗങ്ങളായ അൻസാരി ഏനാത്ത്, ജോർജ് മുണ്ടക്കയം എന്നിവർ യോഗത്തിൽ അഭിവാദ്യമർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരൻ പള്ളിക്കൽ സമാപന സന്ദേശം നൽകി.ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജി എസ് ഒ അമീർ ഷാജിഖാൻ,ജില്ലാ വൈസ് പ്രസിഡൻറ് യു നവാസ് ജില്ലാ സെക്രട്ടറിമാരായ നിസാം ഇത്തിപുഴ, അഫ്സൽ കോട്ടയം ജില്ലാ ട്രെഷറർ കെ എസ് ആരിഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അയ്യൂബ് കൂട്ടിക്കൽ സബീർ കുരിവിനാൽ അൻസൽ പായിപ്പാട് തുടങ്ങിയവർ സംസാരിച്ചു.