കണ്ണൂർ: വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടുമെന്നാണ് ആകാശിന്റെ കൂട്ടാളിയായ ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചത്. കണ്ണൂരിലെ പാർട്ടി നേതൃത്വവുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ മുതലെടുപ്പ് നടക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും. എന്നാൽ കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽ കെട്ടിവെച്ച് വേട്ടയാടരുതെന്നും ഉത്തരവാദി പാർട്ടി അല്ലെന്നും കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ആർഎസ്എസ് അടക്കം ശ്രമിക്കുന്നുണ്ടെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. 20 മിനിറ്റിന് ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
……ഉത്തരവാദി പാർട്ടി അല്ല …..
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ ആർഎസ്എസ്സും മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
-ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാദ്ധ്യമങ്ങളോട് അപേക്ഷിക്കുന്നു –
‘ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് ”
അതേസമയം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിക്കുന്നതെന്ന് ആകാശ് ആരോപിച്ചു. ജിജോ തില്ലങ്കേരിയുടെ തന്നെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിക്കുകയായിരുന്നു ആകാശ്.
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെയെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം. വ്യക്തിയെന്ന നിലയിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരിയ്ക്ക് സി പി എമ്മുമായി ബന്ധമില്ല. ആകാശ് പാർട്ടിയുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള കഥകളെ തന്റെ മനസിലുളളൂ. അതിൽ എന്തെങ്കിലും കഴമ്ബുണ്ടെങ്കിൽ ആലോചിച്ച് തീരുമാനിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. വിഷയത്തിൽ ആകാശിനെയും സംഘത്തിനെയും തള്ളിപ്പറയാൻ പി ജയരാജനെ തന്നെ പാർട്ടി നിയോഗിച്ചതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.