കോട്ടയം : കേരള ബാങ്കിലും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ കോൺഗ്രസ് ബി ജെ പി നേതാക്കളുടെ സഖ്യത്തിന് എതിരെ കേസ്. പരാതിക്കാർ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പ്രതികൾക്ക് എതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനും കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും ആയിരുന്ന കാരാപ്പുഴ മാതൃഭവനത്തിൽ അരുൾ ശശിധരൻ , തിരുനക്കരയിൽ ജ്യോതിഷ സ്ഥാപനം നടത്തുന്ന മുട്ടമ്പലം കുളങ്ങര വി.കെ ശ്രീകുമാർ , ഇവർക്കൊപ്പം തട്ടിപ്പിന് നേതൃത്വം നൽകിയ തിരുവനന്തപുരം തൈക്കാട് സ്വദേശി ഷംസുദീൻ മരയക്കാർ , മുട്ടമ്പലം രാജവിലാസത്തിൽ അനൂപ് കുമാർ എന്നിവരെ പ്രതിയാക്കിയാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. എൻ.ആർ.ഐ ആന്റ് ആർ ഐ എന്ന പേരിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോട്ടയം ജില്ലയിൽ പ്രവർത്തിക്കാൻ അനുവാദം ഇല്ലാതിരുന്ന സൊസൈറ്റി അനധികൃതമായാണ് ഇവിടെ പ്രവർത്തിച്ചത് എന്ന് പരാതിക്കാർ പറയുന്നു. 2019 അവസാനത്തോടെ കാരാപ്പുഴയിൽ ബ്രാഞ്ച് ഓഫിസും പ്രവർത്തനം ആരംഭിച്ചു. ഈ ഓഫിസിൽ 25 ജീവനക്കാരെ നിയമിക്കുകയും ഇവരിൽ നിന്നും ഡെപ്പോസിറ്റ് ഇനത്തിൽ അരക്കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. സർക്കാർ മുദ്രയുള്ള രേഖകൾ ആണ് ഓഫിസിൽ ഉപയോഗിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. സഹകരണ വകുപ്പിന്റെ മുദ്രയുള്ള വ്യാജ തിരിച്ചറിയൽ കാർഡാണ് ജീവനക്കാർക്ക് നൽകിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ഉയർന്നതോടെ സ്ഥാപനത്തിൽ അന്വേഷണം നടത്തിയ സഹകരണ വകുപ്പ് ഓഫിസ് അടച്ച് പൂട്ടുകയും , രജിസ്ട്രേഷൻ അടക്കം റദാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജോലി ചെയ്തിരുന്നവർ പണം തിരികെ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സഹകരണ മേഖലയിൽ സ്ഥിരം ജോലിയും , കേരള ബാങ്കിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. തുടർന്ന് പരാതിയുമായി ജീവനക്കാർ രംഗത്ത് എത്തിയതോടെ തട്ടിപ്പുകാർ ഒത്ത് തീർപ്പിന് ശ്രമിക്കുകയായിരുന്നു. ലീഗൽ സർവീസ് സൊസൈറ്റി വഴി മധ്യസ്ഥത ശ്രമം ഉണ്ടായെങ്കിലും പണം തിരികെ നൽകാൻ തട്ടിപ്പുകാർ തയ്യാറായില്ല. തുടർന്ന് , പരാതിക്കാർ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് കേസ് രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് പ്രതികൾക്ക് എതിരെ വഞ്ചനാ കുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്തു.