ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വൻവിജയം നേടി അധികാരത്തിൽ തുടരാൻ മിഷൻ 2024 പദ്ധതിക്ക് തുടക്കമിട്ട് ബി.ജെ.പി കേന്ദ്രനേതൃത്വം.
മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്രമന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവർക്ക് വിവിധ സംസ്ഥാനങ്ങളിലെ ചുമതല നൽകിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കായി മാത്രം 16 കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാർ ദേബ്, കേന്ദ്രമന്ത്രിമാരായിരുന്ന പ്രകാശ് ജാവദേക്കർ, മഹേഷ് ശർമ്മ തുടങ്ങിയവരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. പ്രകാശ് ജാവദേക്കറിനാണ് കേരളത്തിന്റെ ചുമതല. വിജയ് രൂപാണിക്ക് പഞ്ചാബിന്റെയും ബിപ്ലബ് ദേബിന് ഹരിയാനയുടെ ചുമതലയുമാണ് നൽകിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിതീഷ് കുമാറുമായി സഖ്യം വിട്ട ബീഹാറിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ ആണ് ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2024ന് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയും ഇവർ നിർവഹിക്കണമെന്നാണ് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചിമബംഗാളിൽ ബീഹാറിലെ മുൻമന്ത്രി മംഗൾ പാണ്ഡെയെ ആണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ ചുമതല വഹിച്ചിരുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അരുൺ സിംഗ്, മുരളീധർ റാവു എന്നിവർ തുടരും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത് സാംപിത് പത്രയ്ക്കാണ്. അടുത്ത 20 മാസത്തിനുള്ളിൽ തങ്ങൾക്ക് ചുമതല നൽകിയിരിക്കുന്ന സംസ്ഥാനങ്ങളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദർശനം നടത്തി രാഷ്ട്രീയ യോഗങ്ങളിലും മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളിലും ഇടപെടണമെന്നും നിർദേശമുണ്ട്.