ആലപ്പുഴ : അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉര്‍ത്തും.
ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആകെ 77 വള്ളങ്ങള്‍ ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
രാവിലെ 11ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങള്‍ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.
മികച്ച സമയം കുറിക്കുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.