തിരുവനന്തപുരം : പ്രതിപക്ഷനേതാവിനെതിരെ രൂക്ഷമായി പ്രതികരിച്ചും കെ-ഫോണ്‍ വിഷയത്തില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ.കൊഞ്ഞനം കുത്തല്‍ പ്രതിപക്ഷനേതാവ് സ്വയം ഏറ്റെടുത്താല്‍ മതിയെന്നും നട്ടാല്‍ കുരുക്കാത്ത നുണകള്‍ അദ്ദേഹം വാരിവിതറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലാണെന്ന വി.ഡി. സതീശന്‍റെ പരാമര്‍ശത്തിനായിരുന്നു പദ്ധതിയുടെ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രതികരണം.
അദ്ദേഹം ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്‍റെ കസേരയിലാണ്. ഏതെങ്കിലുമൊരാള്‍ വകതിരിവില്ലാതെ വിളിച്ചുപറഞ്ഞതായി കാണാനാകില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുന്ന നിലപാട് പ്രതിപക്ഷ നേതാവ് തന്നെ സ്വീകരിക്കുകയാണ്. അത്യന്തം പരിതാപകരമായ മാനസികാവസ്ഥയിലാണ് പ്രതിപക്ഷം. ഏത് നല്ല കാര്യമായാലും ശരി,അതിനെയെല്ലാം എതിര്‍ക്കലാണ് രീതി. ഈ നാട് തെല്ലും മുന്നോട്ടുപോകരുതെന്നാണ് മനസ്സില്‍. ഈ മാനസികാവസ്ഥ സര്‍ക്കാറിനല്ല, നാടിനും ജനങ്ങള്‍ക്കുമാണെതിര്. പദ്ധതിയുമായി സഹകരിക്കാൻ ഇവര്‍ക്ക് കഴിയുന്നില്ല. എന്താണ് ഇവര്‍ക്ക് സംഭവിച്ചതെന്നും അറിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവാരമില്ലാത്ത കേബിളാണ് ഉപയോഗിച്ചതെന്നാണ് മറ്റൊരു വിമര്‍ശനം. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബെല്‍) ആണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തിയത്. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമാണിത്. കേരളത്തില്‍ നടക്കുന്ന എന്തിനെയും എതിര്‍ക്കണമെന്ന ചിന്തയില്‍ വിശ്വസനീയമായ ബെല്ലിനെപ്പോലും തെറ്റായി ചിത്രീകരിക്കാനുള്ള മാനസികാവസ്ഥയിലാണ് ഇവരുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.