തിരുവനന്തപുരം : സ്പീക്കര്‍ എ.എൻ. ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യന്ത്രി പിണറായി വിജയൻ. വിശ്വാസ സംബന്ധമായ വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. ധാരാളം വിശ്വാസികള്‍ എല്‍.ഡി.എഫിനൊപ്പമുണ്ട്. പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇതുവരെ മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിരുന്നില്ല. അതിനിടെ മിത്ത് വിവാദം നിയമസഭയില്‍ ആളിക്കത്തിക്കേണ്ടെന്ന് യുഡി,എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു. വര്‍ഗിയ മുതലെടുപ്പിന് തടയിടാനാണ് മിത്ത് സഭയില്‍ ഉന്നയിക്കേണ്ടെന്ന് യു,ഡി.എഫ് തീരുമാനിച്ചത്. അതേസമയം വിഷയത്തില്‍ സ്പീക്കര്‍ എ.എൻ.ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ യു,ഡി.എഫ് മാറ്റം വരുതതിയിട്ടില്ല. മിത്ത് പ്രശ്നത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് മുതിരാതെ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്ന് എൻ.എസ്.എസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. .