ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ ഇന്ന് അറിയാം.എ ഐ സി സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. 68 ബാലറ്റ് പെട്ടികളിലെ 9,497 വോട്ടുകളാണ് എണ്ണാനുള്ളത്. ഇത് നൂറ് ബാലറ്റ് പേപ്പറുകൾ വീതമുള്ള കെട്ടുകളാക്കിയാണ് എണ്ണുന്നത്. ഫലം ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. ആകെ 9915 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 9497 പേരാണ് വോട്ട് ചെയ്തത്. ആര് ജയിച്ചാലും രണ്ടര പതിറ്റാണ്ടിനുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അദ്ധ്യക്ഷ പദവിയിലേക്ക് എത്തും. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
അതേസമയം, മല്ലികാർജുൻ ഖാർഗെയ്ക്ക് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടുക്കുന്നിൽ സുരേഷും പ്രതികരിച്ചു. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമാണ് അറിയാനുള്ളതെന്ന് തരൂരിനെ പാർട്ടി അവഗണിച്ചിട്ടില്ലെന്നും കൊടുക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷനായെത്തുന്ന ഖാർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖാർഗയെ അപമാനിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.