കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമിയെന്ന അവകാശവാദം ഉയർന്ന സ്ഥലത്ത് സമരം നടക്കുന്ന സാധാരണക്കാരെ സന്ദർശിക്കാനും സമാശ്വസിപ്പിക്കാനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ ഇടപെടൽ ഫലം കാണുന്നു. ഇദ്ദേഹത്തിൻ്റെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. തുടർന്നു, രണ്ടു കക്ഷികളെയും വിളിച്ച് യോഗം ചേർക്കാനും മുഖ്യമന്ത്രി തയ്യാറായി. ഇതിനെല്ലാം കാരണമായത് ജോസ് കെ.മാണിയുടെയും കേരള കോൺഗ്രസ് എം നേതാക്കളുടെയും മുനമ്പം സന്ദർശനവും കൃത്യ സമയത്തെ ഇടപെടലുമാണ്. ഒരു മാസത്തിലേറെയായി സ്വന്തം ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാധാരണക്കാർ മുനമ്പത്ത് സമരം നടത്തുകയാണ്. ഭരണപക്ഷത്തു നിന്നോ പ്രതിപക്ഷത്തു നിന്നോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധികളും ഇതുവരെയും സ്ഥലം സന്ദർശിക്കാൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിൽ നിന്നും കഷ്ടിച്ച് കിലോമീറ്ററുകൾ മാത്രം അകലെയായിട്ടും ഇതുവരെയും സമരവേദി സന്ദർശിക്കാനോ നിർണ്ണായക ഇടപെടൽ നടത്താനോ ഇദ്ദേഹം തയ്യാറായിരുന്നില്ല. ജനകീയ വിഷയമായി മുനമ്പത്തെ സമരം ഉയർന്നിട്ട് പോലും പ്രതിപക്ഷ നിരയിൽ നിന്നോ ഭരണപക്ഷ നിരയിൽ നിന്നോ പോലും ഒരാളും ചർച്ചകളുമായി മുന്നോട്ടു വന്നില്ല. ഇത്തരത്തിൽ സമരം ജാതി – മത സ്പർദയായി വളരുമെന്ന ഘട്ടത്തിലാണ് നിർണ്ണായക ഇടപെടലുമായി ജോസ് കെ.മാണി രംഗത്ത് എത്തിയത്. കേരളത്തിലെ മത സൗമുദായിക സൗഹാർദ അന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്ന് തിരിച്ചറിഞ്ഞാണ് എംപി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ആദ്യം മുനമ്പത്തെ സമരഭൂമി സന്ദർശിച്ച ജോസ് കെ.മാണി ഇവിടെയുള്ള പ്രശ്നങ്ങൾ നേരിട്ട് കേട്ട് മനസിലാക്കി. തുടർന്നാണ് സമരപ്പന്തലിൽ സമരം നടത്തുന്ന കുടുംബങ്ങളെ ആശ്വസിപ്പിച്ചത്. ഇവിടെ കുറേയധികം സമയത്തോളം ഇദ്ദേഹം ചിലവഴിച്ചു. മറ്റൊരു രാഷ്ട്രീയ പാർട്ടി നേതാവും സ്ഥലം സന്ദർശിക്കാനോ കുടുംബങ്ങളുടെ പ്രശ്നങ്ങളെ നേരിട്ട് കേൾക്കാനോ തയ്യാറാകാതിരുന്ന കാലത്താണ് ഇത്തരത്തിൽ നിർണ്ണായകമായ ഇടപെടൽ നടത്തിയത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയും നടത്താത്ത ധീരമായ ഇടപെടൽ നടത്തിയ ഇദ്ദേഹം വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർവ്വകക്ഷി യോഗം വിളിച്ചുചേർത്ത ശേഷം പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിച്ചത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി രണ്ടു കക്ഷികളെയും വിളിച്ചു ചേർത്ത് ചർച്ചയ്ക്ക് തയ്യാറായതും. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം മതസ്പർദ വളർത്തുന്ന രീതിയിൽ മുനമ്പം വിഷയം വളർന്നതോടെ അപകടം മണത്താണ് ജോസ് കെ.മാണി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തന്നെ വളരുന്നു. മുമ്പത്തിന്റെ പേരിൽ വിധ്വംസക ശക്തികൾ കേരളത്തെ തകർക്കുന്ന രീതിയിൽ മത വിദ്വേഷം വളർത്താൻ തയ്യാറെടുത്തതോടെയാണ് വിഷയം വലിയ തോതിൽ ചർച്ചയായി മാറിയത്. ഏതായാലും ഇദ്ദേഹത്തിൻ്റെ നിർണ്ണായക ഇടപെടലോടെ മുനമ്പം വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്ന് ഉറപ്പായി.