കോട്ടയം : കേഡർ സ്വഭാവത്തിലേയ്ക്ക് സമ്പൂർണമായി മാറുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കുന്നു. 27 ന് കോട്ടയം ജില്ലാ സമ്മേളനം കൂടി പൂർത്തിയാകുന്നതോടെ കേരള കോൺഗ്രസിൽ പുതിയ രൂപവും ഭാവവും പാർട്ടിയ്ക്ക് കേഡർ സ്വഭാവത്തിലേയ്ക്ക് മാറും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടാം തവണയും സണ്ണി തെക്കേടത്തിന്റെ പേര് തന്നെയാണ് സജീവമായി പരിഗണനയിലുള്ളത്. എന്നാൽ, ഒരു വിഭാഗം ഇദ്ദേഹത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും സമവായത്തിനാണ് സാധ്യതയേറെ.
അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ബൂത്ത് തലം മുതൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും പ്രതിനിധി സമ്മേളനങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ നിന്നും, 82 മണ്ഡലങ്ങളിൽ നിന്നും 1500 ഓളം ബൂത്തുകളിൽ നിന്നുമായി ഒരു ലക്ഷത്തോളം അംഗങ്ങളെയാണ് കേരള കോൺഗ്രസ് ചേർത്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള കോൺഗ്രസിന്റെ ബൂത്ത് തലം മുതലുള്ള പ്രവർത്തകർ കൃത്യമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് പ്രവർത്തകരെ ചേർത്തിരിക്കുന്നത്. ഇത്തരത്തിൽ ചേർത്ത പ്രവർത്തകരിൽ നിന്നാണ് പ്രതിനിധികളെ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരിൽ നിന്നും ജില്ലാ ഭാരവാഹികളെയും, സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതിനായാണ് യോഗം കെ.പി.എസ് മനോൻ ഹാളിൽ സെപ്റ്റംബർ 27 ന് ചേരുന്നത്. നിലവിൽ സണ്ണി തെക്കേടമാണ് കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്. ഇദ്ദേഹം തന്നെ തുടരുമെന്നാണ് കേരള കോൺഗ്രസിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ, സണ്ണി തെക്കേടത്തിന് എതിരെ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റു ചില പേരുകൾ കൂടി രംഗത്ത് വരാൻ സാധ്യതയുണ്ട്. എന്നാൽ, സണ്ണി തെക്കേടത്തിന്റെ പേരിന് തന്നെയാണ് പ്രഥമ പരിഗണന നൽകുന്നത്. സമവായത്തിലൂടെ തന്നെ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനാണ് കേരള കോൺഗ്രസ് എമ്മിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്.
നേരത്തെ കേരള കോൺഗ്രസിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 30 ആയിരുന്നു. പിന്നീട്, ഇത് 20 ആക്കി ചുരുക്കി. അടുത്ത സമ്മേളനത്തോടെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം ഒൻപതാക്കി ചുരുക്കുമെന്നാണ് ലഭിക്കുന്ന സൂചന. ജില്ലയിലെ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിലാണ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ജില്ലയിൽ കേരള കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങളെ ലഭിച്ചത് പാലായിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് കടുത്തുരുത്തിയും, മൂന്നാമത്ത് പൂഞ്ഞാറുമാണ്.