കോട്ടയം : കൈക്കൂലിക്കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ പത്തനംതിട്ട നിരണം കടപ്ര ശിവകൃപയിൽ കെ.കെ സോമനെയാണ് വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈക്കൂലിയുടെ കൈമാറ്റം വിജിലൻസ് സംഘം കണ്ടെത്തിയത്.
ഗൂഗിൾ പേ വഴിയാണ് പണം മുഴുവൻ കൈമാറ്റം ചെയ്തിരുന്നതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ 2.84 ലക്ഷം രൂപ ഇദ്ദേഹം ഗൂഗിൾ പേ വഴി കൈപ്പറ്റിയിട്ടുണ്ടെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും അക്കൗണ്ടിൽ നിന്നും ലഭിച്ച തുക അടക്കമുള്ളവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായി സോമൻ്റെ ഫോൺ വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോമേഴ്‌സ്യൽ കെട്ടിടങ്ങളുടെ ഇലക്ട്രിക്കൽ കൺസൾട്ടൻസിയും കോൺട്രാക്ടും ചെയ്തുവരുന്ന എറണാകുളം സ്വദേശിയായ വ്യക്തിയിൽ നിന്നുമാണ് ഇദ്ദേഹം കൈക്കൂലി കൈപ്പറ്റിയത്. ഇദ്ദേഹത്തിൽ നിന്ന് ജനറേറ്റർ റീപ്ലെയ്‌സ്‌മെന്റും ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുമുള്ള സൈറ്റ് ഇൻസ്‌പെക്ഷൻ നടത്തിയതിന് അസിസ്റ്റന്റ് എഞ്ചിയീയർ ശ്രീധിൻ 3,000/- രൂപ നേരത്തെ കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. തുടർന്ന് ഇലക്ട്രിക്കൽ പ്ലാൻ അപ്രൂവലിനും എർത്ത് റെസിസ്റ്റൻസി മെഷർമെന്റ് നടത്തിക്കിട്ടുന്നതിനുമായാണ് സോമൻ കൈക്കൂലി വാങ്ങിയത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സോമൻ രണ്ട് തവണയായി 10000 രൂപയാണ് ആദ്യ ഘട്ടത്തിൽ കൈക്കൂലിയായി വാങ്ങിയത്.
തുടർന്ന് മെയ് 29 ന് 29.05.2023 തീയതി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റിൽ എത്തി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സോമനെ നേരിൽ കണ്ട സമയം സ്‌കീം അപ്രൂവൽ ലഭിക്കണമെങ്കിൽ അപാകത പരിഹരിച്ച ഡ്രോയിംഗും 10000/- (പതിനായിരം) രൂപയുമായി 31.05.2023 വൈകൂന്നേരം 05.00 മണിക്കകം ടിയാന്റെ ഓഫീസിലെത്തണമെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് കോട്ടയം സ്വദേശിയായ കോൺട്രാക്ടർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ. രവികുമാറിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി വി. ആർ. രവികുമാറിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി., എ. കെ. വിശ്വനാഥൻ, പി. വി. മനോജ്കുമാർ, പോലീസ് ഇൻസ്‌പെക്ടർമാരായ ബിജുകമാർ ഡി , മഹേഷ് പിള്ള ബി , പ്രദീപ് എസ്., രമേഷ് ജി. എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സോമനെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 10,000/- രൂപ പരാതിക്കാരനിൽ നിന്നും 31/05/2023 തീയ്യതി (ബുധൻ) പകൽ 2.00 മണിയോട് കൂടി ടിയാന്റെ ക്യാബിനിൽ വച്ച് കൈപ്പറ്റവേ വിജിലൻസ് സംഘം പ്രതിയെ പിടികൂടി കൈക്കൂലി തുക കണ്ടെടുത്ത് അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സോമന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ സമീപ കാലയളവിൽ ടിയാൻ വിവിധ ആൾക്കാരിൽ നിന്നായി ഗൂഗിൾ പേ മുഖാന്തിരം മൂന്ന് ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയിട്ടുള്ളതായി കണ്ടെത്തി.
ടിയാൻ സ്ഥിരമായി ക്രമക്കേടുകൾ നടത്തുന്ന ആളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ ബി., പ്രദീപ് പി. എൻ., സാബു വി. റ്റി., ജെയ്‌മോൻ വി. എം., ഗോപകുമാർ പി., അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ കെ. എസ്., രഞ്ജിനി കെ. പി., രാജീവ് എം. ആർ., ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ, സുരേഷ് കെ. ആർ., സൂരജ് എ. പി., സന്ദീപ്, ശ്യാം, ഷിജു സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മായാ ലക്ഷ്മി, ജാൻസി, എന്നിവരും ഉണ്ടായിരുന്നു.