തിരുവനന്തപുരം : പൂര്‍ണ ആരോഗ്യസ്ഥിതിയില്‍ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവര്‍ക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ.
തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്നിലുമുള്ള വാഹനങ്ങള്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, കാല്‍നട യാത്രകാര്‍, റോഡിന്റെ വശങ്ങള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനങ്ങള്‍ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കില്‍ യാത്രക്കാരന്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം. അതായത് കണ്‍മുന്‍പില്‍ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറില്‍ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളില്‍ തിരിച്ചെത്തി അത് വാഹനത്തില്‍ പ്രവര്‍ത്തിച്ച് റോഡില്‍ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങള്‍ ഒരു സെക്കന്റില്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാന്‍ പാടില്ല.
തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഡ്രൈവ് ചെയ്ത ശേഷം നിര്‍ബന്ധമായും 10 മിനിറ്റ് വിശ്രമിക്കുക.
നടുവേദനയുള്ളപ്പോള്‍ വാഹനം ഓടിക്കാതിരിക്കുക.
യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാന്‍ സഹായിക്കും.
പൂര്‍ണ ആരോഗ്യവാണെങ്കില്‍ മാത്രം വാഹനം ഓടിക്കാവു.
രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകള്‍ക്കു ശേഷമേ വാഹനം ഓടിക്കാവൂ.
യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
വാഹനം ഓടിക്കുമ്പോള്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.
ക്ഷമയോടു കൂടി വാഹനം ഓടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ദിവസവും അരമണിക്കൂറെങ്കിലും വ്യയാമം ചെയ്യാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.