വൈക്കം : കായലുകൾ സംരക്ഷിക്കുക,
തണ്ണീർമുക്കം ബണ്ട് തുറന്നിടുക,
പോള പായൽ ഉത്‌ഭവ സ്ഥലത്ത് വാരി വളമാക്കുക, മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ഓക്ടോബർ 15ന് തണ്ണീർമുക്കം ബണ്ടിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മയുടെ പ്രചരണാർത്ഥം മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിലെ ഉൾനാടൻ സംസ്ഥാന വാഹന പ്രചരണ ജാഥ ചൊവ്വാഴ്ച ജില്ലയിൽ പര്യടനം നടത്തി . മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ രമേശൻ ക്യാപ്റ്റനായും കെ സി രാജീവ് മാനേജറായും, നിർമല സെൽവരാജ് വൈസ് ക്യാപ്റ്റനായുമാണ് ജാഥ പര്യടനം നടത്തിയത്. രാവിലെ ഒൻപതിന് ചെമ്പിൽ നിന്നും ആരംഭിച്ച ജാഥ മേക്കര, നേരേകടവ്, പോളശ്ശേരി, ടി വി പുരം, തലയാഴം, കല്ലറ, നീണ്ടൂർ, കുമരകം എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട് അഞ്ചിന് വെച്ചൂർ അംബികമാർക്കറ്റിൽ സമാപിച്ചു . അംബിക മാർക്കറ്റിൽ നടന്ന സമാപന സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി മനോഹരൻ ഉദ്ഘാടനം ചെയ്തു. എ കെ കലേഷ് കുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജാദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീവിദ്യാ സുമോദ്, ഭാസുര ദേവി,വീണ അജി, സംഘാടക സമിതി കൺവീനർ വിനൂപ് ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയു വാഹന പ്രചരണ ജാഥ ജില്ലയിൽ പര്യടനം നടത്തി
Advertisements