തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നല്‍കാനും കൂലി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള ചട്ടങ്ങള്‍ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ നീര്‍ത്തടങ്ങളിലും സമഗ്ര നീര്‍ത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനവും സമഗ്ര പദ്ധതി രേഖാ പ്രകാശനവും കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് കൂലി വൈകിയാല്‍ കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നീര്‍ത്തട വികസനം നടപ്പിലാക്കുന്നത്. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും വനിതാ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലും കേരളം മുന്നിലാണ്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ട്രൈബല്‍ പ്ലസ് എന്ന പേരില്‍ 200 ദിവസം തൊഴില്‍ നല്‍കുന്നുണ്ട്. മണ്ണ് ജലസംരക്ഷണ കാര്‍ഷിക വികസനത്തിന് തൊഴിലുപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പേരാവൂര്‍ കേരളത്തിന് വഴി കാണിക്കുന്നു. കേരളം ഇന്ത്യക്ക് വഴികാട്ടുന്നു. ഈ പദ്ധതി ജനകീയമായി നടപ്പാക്കാനാണ് ഹരിത കേരള മിഷന്‍ തീരുമാനിച്ചത്.ഈ ക്യാംപെയിന്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും-മന്ത്രി എം ബി രാജേഷ് പറഞ്ഞു.