കൊച്ചി : ഒരു കുട്ടിക്ക് എട്ടു രൂപയെന്ന നിലവിലെ നിരക്കില്‍ കൂടുതല്‍ ചെലവ് ഉച്ചഭക്ഷണ പദ്ധതിക്കു വന്നാല്‍ എന്തു ചെയ്യുമെന്ന് സര്‍ക്കാര്‍ വിശദീകരണം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉച്ചഭക്ഷണത്തിനുള്ള അരിയൊഴികെയുള്ളവ വാങ്ങുന്നതിനാണ് എട്ടു രൂപ നിരക്കില്‍ തുക അനുവദിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശിക ലഭിക്കുന്നതിന് പ്രധാനാധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ തുക പര്യാപ്തമല്ലെന്നു വാദം ഉയര്‍ന്നതോടെയാണ് ജസ്റ്റീസ് ടി.ആര്‍. രവി ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയത്.
ഉച്ചഭക്ഷണ പദ്ധതിക്ക് തുക മുന്‍കൂര്‍ അനുവദിക്കുക, നിലവിലെ കുടിശിക നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.ഉച്ചഭക്ഷണ പദ്ധതിക്കു ഫണ്ടില്ലെങ്കില്‍ സ്‌കൂള്‍ ഫണ്ടോ പിടിഎ ഫണ്ടോ ഇതിനായി ഉപയോഗിക്കാനും സര്‍ക്കാര്‍ ഈ തുക പിന്നീട് നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ വാദിച്ചു. ഒട്ടേറെ കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി സര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയാണ്. സെപ്റ്റംബംര്‍ 30 വരെയുള്ള ഫണ്ട് ഇതിനകം നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹര്‍ജിക്കാര്‍ അടക്കമുള്ളവര്‍ യഥാസമയം ബില്‍ നല്‍കി തുക കൈപ്പറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അധ്യാപകര്‍ പോക്കറ്റില്‍നിന്നു പണമെടുത്ത് ചെലവാക്കിയതിന് തെളിവില്ല. അരി സര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ളവ വാങ്ങാനാണ് എട്ടു രൂപ നിരക്കില്‍ പണം നല്‍കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഗ്യാസ് കണക്‌ഷൻ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ തുക തികയില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനുപുറമേ മുട്ടയ്ക്കും പാലിനും പണം കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇതിന് സ്‌കൂള്‍ ഫണ്ടും പിടിഎ ഫണ്ടും ഉപയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇത്തരം ഫണ്ടുകള്‍ എത്ര വരുമെന്ന് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും.