തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 50,000 മുതല്‍ 75,000 കോടി രൂപ വരെ നികുതി പിരിക്കാതെ നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആക്ഷേപത്തിന് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. ജിഎസ്ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വര്‍ഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് അഞ്ച് വര്‍ഷത്തേക്കു നഷ്ടപരിഹാരം നല്‍കുമെന്ന തീരുമാനമെടുത്തത്.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിനുമേല്‍ കുതിരകയറുകയാണ് പ്രതിപക്ഷനേതാവ്. ജിഎസ്ടിയുടെ ഒന്നാംവര്‍ഷം മുതല്‍ കേരളത്തിനു ലഭിക്കേണ്ടുന്ന ജിഎസ്ടി വരുമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുമാന തുകയില്‍ നിന്ന് കേരളത്തിനു യഥാര്‍ത്ഥത്തില്‍ ലഭിച്ച തുക കിഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിന്റെ കണക്കില്‍ കൂട്ടിയിരിക്കുകയാണ്. അതില്‍ നിന്നും നഷ്ടപരിഹാര തുകപോലും കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. വളരെ വിചിത്രമായൊരു വാദമാണിത് – ഐസക് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.