മലപ്പുറം: ഒമ്പത് സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ്, മലയാളം സർവകലാശാലകളിൽ എസ്എഫ്ഐ പ്രതിഷേധം. ‘ഗവർണറുടെ അക്കാദമിക് ഫാസിസത്തെ ചെറുക്കും’ എന്ന മുദ്രാവാക്യമുയർത്തി സർവകലാശാലാ ആസ്ഥാനത്തേക്കായിരുന്നു എസ്എഫ്ഐ പ്രതിഷേധം. വരും ദിവസങ്ങളിൽ ചാൻസലർക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം. ഗവർണർ അയക്കുന്ന വിസിമാരെ സർവ്വകലാശാലകളിൽ കയറ്റില്ലെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചു.
അതേസമയം ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒരു ഭരണഘടന പ്രതിസന്ധിയല്ലെന്ന് എംഎസ്എഫ് പറഞ്ഞു. മറിച്ച് കൂട്ടുകച്ചവടത്തിലെ തമ്മിലടി മാത്രമാണെന്ന് എംഎസ്എഫ് വിമര്‍ശിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടത്തിയ കൂട്ടുകച്ചവടത്തിന്റെ ലിസ്റ്റ് പുറത്തു വരേണ്ടതുണ്ട്. കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനേയും ഗവര്‍ണറേയും പൊതുജനം തിരിച്ചറിയണമെന്നും എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തിൽ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് വിളിച്ചു ചേർത്തിട്ടുണ്ട്. ഒമ്പത് വൈസ് ചാൻസലർമാരുടേയും അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സമീപിച്ചിരുന്നു. വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് പ്രത്യേക സിറ്റിംഗ് വിളിച്ചിട്ടുളളത്. നാലുമണിക്ക് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിഷയം പരിഗണിക്കും. നടപടിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എംജി, ഫിഷറീസ്, കെടിയു സര്‍വകലാശാലകള്‍ ഒഴികെയുളള വിസിമാർ ഇത് സംബന്ധിച്ച് കത്ത് നല്കി.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചാൻസലറുടെ നടപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ്, കാലടി വിസിമാർ രാജിവെക്കേണ്ടത്. കാലിക്കറ്റ്, കുസാറ്റ്, മലയാളം സർവകലാശാല വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്.