കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നു തുറന്നു പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലനെ കസേരയിൽ നിന്നും വലിച്ച് താഴെയിട്ട ബി.ജെ.പി പ്രവർത്തകർ, ഫയലുകൾ വലിച്ചെറിഞ്ഞതായും സി.പി.എം ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ ചിങ്ങവനം പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചു വിട്ടത്. ആക്രമമത്തിൽ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ആശുപത്രിയിൽ ചികിത്സ തേടി.
ചങ്ങനാശേരിയിൽ കെ.റെയിൽ വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് ബല പ്രയോഗത്തിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലത്തിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ ഹർത്താലിന്റെ ഭാഗമായി തുറന്നിരുന്ന സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനായി എത്തിയ ബി.ജെ.പി പ്രവർത്തകരാണ് കുറിച്ചി പഞ്ചായത്തിൽ അതിക്രമം അഴിച്ചു വിട്ടതെന്ന് സി.പി.എം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവങ്ങൾ. ഹർത്താൽ ദിനമായിരുന്നിട്ടും ചങ്ങനാശേരി നഗരസഭയും ബാക്കിയുള്ള പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും അടക്കം തുറന്നു പ്രവർത്തിച്ചിരുന്നു. ഇതേ തുടർന്നാണ് കുറിച്ചി പഞ്ചായത്തും തുറന്ന് പ്രവർത്തിച്ചത്. എന്നാൽ, 12 മണിയോടെ കുറിച്ചിയിലെ പഞ്ചായത്ത് അംഗം കൂടിയായ ബി.ജെ.പി നേതാവ് ബി.ആർ മഞ്ജീഷിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ ശേഷം ഓഫിസ് അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഓഫിസ് അടയക്കാൻ തയ്യാറാകാതെ വന്നതോടെ ഉള്ളിലേയ്ക്ക് കയറിയെത്തിയ പ്രവർത്തകരും നേതാക്കളും തന്നെ കയ്യേറ്റം ചെയ്യുകയും വനിതകൾ അടക്കമുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ആരോപിച്ചു. പ്രസിഡന്റിന്റെ കയ്യിൽ പിടിച്ച് വലിക്കുകയും, കസേരയിൽ നിന്നും താഴെ ഇടുകയും ചെയ്തു. പ്രസിഡന്റിന്റെ മുറിയുടെ വാതിൽ പുറത്ത് നിന്ന് വലിച്ചടയ്ക്കുകയും, വാതിൽ പൂട്ടാൻ ശ്രമിക്കുകയും ചെയ്തു. അക്രമ വിവരം അറിഞ്ഞ് പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ ഓടിയെത്തിയതോടെയാണ് ബി.ജെ.പി പ്രവർത്തകർ പിൻതിരിഞ്ഞത്.
പുറത്തിറങ്ങിയ ശേഷം ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന്റെ ഷട്ടർ ഇടാൻ ശ്രമിച്ചതും സംഘർഷത്തിന് ഇടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത് അനുസരിച്ച് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് സംഘർഷ സ്ഥിതി നിയന്ത്രിച്ചത്. എന്നാൽ, സി.പി.എം ആരോപിക്കുന്നതിനു സമാനമായ ആക്രമണം ഉണ്ടായിട്ടേയില്ലെന്ന് ബി.ജെ.പി പഞ്ചായത്ത് അംഗവും നേതാവുമായ ബി.ആർ മഞ്ജീഷ് അറിയിച്ചു. പൊലീസ് ഉണ്ടായിരുന്ന സമയത്ത് ഉണ്ടായ നേരിയ സംഘർഷം മാത്രമാണ് ഉണ്ടായത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം കെട്ടുകഥയാണെന്നും ബി.ജെ.പി അറിയിച്ചു.