തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിന് പരാതിയുമായി യുവമോര്‍ച്ച.കേന്ദ്ര ആയുഷ് മന്ത്രി സര്‍വ്വനന്ദ സോനെവാളിന് യുവമോര്‍ച്ച കത്തയച്ചു. ആയുഷ് കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മുഴുവൻ നിയമനങ്ങളും സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമുണ്ടെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
നേരത്തെ ആരോഗ്യ വകുപ്പിലെ നിയമന കോഴ വിവാദത്തിലെ കത്ത് വ്യാജമാണെന്ന് ആയുഷ് മിഷന്‍ വ്യക്തമാക്കിയിരുന്നു. മെയില്‍ ഐഡി വ്യാജമാണെന്നായിരുന്നു ആയുഷ് മിഷന്റെ വാദം. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലെ ലോഗോ നാഷണല്‍ ഹെല്‍ത്ത് മിഷന്റേതാണെന്നും ആയുഷ് മിഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.