കൊച്ചി : കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ അഞ്ചുപേരുള്‍പ്പെട്ട ശിപാര്‍ശപ്പട്ടികയില്‍നിന്നു രണ്ടുപേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടി.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിമാരായ ജോണ്‍സണ്‍ ജോണ്‍ (കല്‍പ്പറ്റ), ജി. ഗിരീഷ് (തൃശൂര്‍), സി. പ്രദീപ്‌കുമാര്‍ (കോഴിക്കോട്) എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ സെഷന്‍ഡ് ജഡ്‌ജ് എം.ബി. സ്‌നേഹലത (കൊല്ലം), ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ പി. കൃഷ്‌ണകുമാര്‍ എന്നിവര്‍ക്കായുള്ള ശിപാര്‍ശ അംഗീകരിച്ചില്ല.
ഒഴിവാക്കപ്പെട്ട പേരുകള്‍ സുപ്രീം കോടതിക്കു തിരിച്ചയയ്‌ക്കുകയോ പിന്നീടു തീരുമാനമെടുക്കുകയോ ചെയ്യാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതി ജഡ്‌ജിമാരായി കേരളത്തില്‍നിന്നു ശിപാര്‍ശ ചെയ്യപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പട്ടികയ്‌ക്കു കേന്ദ്രനിയമമന്ത്രാലയം പൂര്‍ണാംഗീകാരം നല്‍കാതിരിക്കുന്നത് ആദ്യമാണ്. അഭിഭാഷകരില്‍നിന്നു നേരിട്ട് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്യപ്പെടുന്ന പേരുകള്‍ കേന്ദ്രം പിടിച്ചുവയ്‌ക്കാറുണ്ടെങ്കിലും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്‌ഥാനക്കയറ്റത്തില്‍ പൊതുവേ ഇടപെടാറില്ല. സ്‌ഥാനക്കയറ്റം ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ എം.ബി. സ്‌നേഹലത അടുത്ത ഏപ്രിലില്‍ വിരമിക്കും. പട്ടികയിലുള്ള പി. കൃഷ്‌ണകുമാര്‍ ഇപ്പോള്‍ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടാല്‍ സുപ്രീംകോടതി ജഡ്‌ജി വരെയാകാന്‍ അവസരമുണ്ട്. നിയമനം വൈകിയാല്‍ സീനിയോറിറ്റിയില്‍ മാറ്റംവരും.
മറ്റാര്‍ക്കോ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആ സാധ്യത തടയുകയാണെന്നു നിയമവൃത്തങ്ങളില്‍ സംസാരമുണ്ട്. അതേസമയം, ഹൈക്കോടതി ജഡ്‌ജിമാരായി അഭിഭാഷകരില്‍നിന്നു നേരിട്ട് നിയമിക്കപ്പെേടണ്ടവരുടെ പട്ടിക തയാറാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി കൊളീജിയം കൂടിയാലോചന തുടങ്ങി. അടുത്തമാസം പട്ടിക സുപ്രീം കോടതി കൊളിജീയത്തിനു സമര്‍പ്പിച്ചേക്കും.
2021 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി ജഡ്‌ജിമാരായി നാല് അഭിഭാഷകരെ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തിരുന്നു. അതില്‍ ബസന്ത് ബാലാജി 2021 ഒക്‌ടോബറിലും ശോഭ അന്നമ്മ ഈപ്പന്‍ 2022 മേയിലുമാണു നിയമിക്കപ്പെട്ടത്.
ആ പട്ടികയിലുള്ള അരവിന്ദ്‌കുമാര്‍ ബാബു, സഞ്ചിത അറയ്‌ക്കല്‍ എന്നിവരുടെ നിയമനശിപാര്‍ശയില്‍ വിശദീകരണം തേടി സുപ്രീം കോടതിക്കു മടക്കിയയച്ചു. സുപ്രീം കോടതി അത് ഹൈക്കോടതി കൊളീജിയത്തിനു കൈമാറി. ഇവരുടെ പേരുകള്‍ രണ്ടുമാസം മുമ്ബ് ഹൈക്കോടതി കൊളീജിയം വീണ്ടും സുപ്രീംകോടതിക്കു കൈമാറിയിട്ടും കേന്ദ്രതീരുമാനം വൈകുകയാണ്. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പട്ടികയില്‍നിന്നു ചില പേരുകള്‍ മാത്രം അംഗീകരിക്കുന്ന കേന്ദ്രനടപടിയെ സുപ്രീം കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു.