കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്സിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആനൂകൂല്യം വിതരണം ചെയ്യാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച കമ്പനിയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. കേസിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ഉത്തരവ് റദ്ദ് ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസാണ് കേസിൽ സിമന്റ്സിനെതിരെ നിലപാട് സ്വീകരിച്ചത്.
നേരത്തെ, ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നും ഡെപ്യൂട്ടി ലേബർ കമ്മിഷണർ മുഹമ്മദ് റെഷീദ് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിച്ച കമ്പനി ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിമന്റ്സിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഗ്രാന്റുവിറ്റി എന്നത് ജീവനക്കാരുടെ അവകാശമാണ് എന്ന് കോടതി വ്യക്തമാക്കുന്നു. വിരമിച്ച ജീവനക്കാർക്ക് യാതൊരു വിധ അപേക്ഷയും നൽകാതെ തന്നെ ഗ്രാന്റുവിറ്റി നൽകേണ്ടതാണ് എന്ന് കോടതി വ്യക്തമാക്കുന്നു. ഗ്വാറ്റുവിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു ജോലിക്കാരൻ പിരിഞ്ഞ് പോകുമ്പോൾ അയാൾക്ക് സ്വാഭാവികമായും ഗ്വാറ്റുവിറ്റി ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കുന്നു. ഗ്വാറ്റുവിറ്റി വിതരണം ചെയ്യേണ്ടത് നിർബന്ധമായ ഒരു നടപടിക്രമമാണെന്നും ഇത് നീട്ടിക്കൊണ്ടു പോകാനാവില്ലെന്നുമുള്ള വ്യക്തമായ നിർദേശവും ട്രാവൻകൂർ സിമന്റ്സിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാർ അപേക്ഷ നൽകിയില്ലെന്നോ, അപേക്ഷ നൽകാൻ വൈകിയെന്നോ ഉള്ളകാരണം ചൂണ്ടിക്കാട്ടി ഇവർക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കാനാവില്ലെന്നും കോടതി പറയുന്നു.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന കാരണം പറഞ്ഞ് വിരമിച്ച ജീവനക്കാർക്ക് ഗ്വാറ്റുവിറ്റി നൽകാതിരിക്കാനാവില്ല. ഇത് ഗ്വാറ്റുവിറ്റി ആക്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം ഗ്വാറ്റുവിറ്റി വിതരണം ചെയ്യണമെന്ന ലേബർ കമ്മിഷണറുടെ ഉത്തരവിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു.
2019 ഏപ്രിൽ ., മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷണർ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്. തുടർന്നാണ്, വിരമിച്ച ജീവനക്കാർക്ക് പത്ത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി തുക നൽകണമെന്നു നിശ്ചയിച്ച് ഉത്തരവിറക്കിയത്.
ട്രാവൻകൂർ സിമന്റ്സിൽ നിന്നും 2019 ഏപ്രിൽ മുതൽ വിരമിച്ച 85 ഓളം ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും ലഭിക്കുവാനുണ്ട്. 2020 ഏപ്രിൽ നു ശേഷം വിരമിച്ച ജീവനക്കാരുടെ പി.എഫ് കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും കമ്പനി ഇ.പി.എഫ്.ഒയിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.