ബെംഗ്ളുറു: ഒരു തെളിവുമില്ലാതെ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോപിച്ചാല്‍ അതും മാനസിക പീഡനത്തിന്റെയോ പീഡനത്തിന്റെയോ പരിധിയില്‍ വരുമെന്ന് കര്‍ണാടക ഹൈകോടതി.അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് വേര്‍പിരിയാന്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തന്റെ വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ടുള്ള ധാര്‍വാഡ് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പിച്ച ഹര്‍ജിയിലാണ് കര്‍ണാടക ഹൈകോടതി ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ പലതവണ ബന്ധുക്കളോട് പറഞ്ഞിരുന്നതായി ഭര്‍ത്താവ് ആരോപിച്ചു. ഇത് എന്നെ അപമാനിക്കുന്നു. ഇക്കാരണത്താല്‍, വിവാഹമോചനം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2015 ജൂണ്‍ 17-ന് ധാര്‍വാഡ് കുടുംബ കോടതി വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈകോടതിയെ സമീപിച്ചത്. 2013ലാണ് ഹര്‍ജിക്കാരന്‍ യുവതിയെ വിവാഹം കഴിച്ചത്. ഏതാനും മാസങ്ങള്‍ക്കുശേഷം, ധാര്‍വാഡിലെ കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് അദ്ദേഹം ഹര്‍ജി സമര്‍പിച്ചു. വിവാഹ ജീവിതത്തില്‍ ആദ്യം ഭാര്യ സഹകരിച്ചിരുന്നെങ്കിലും പിന്നീട് സ്വഭാവത്തില്‍ മാറ്റം വന്നതായി ഇയാള്‍ അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുനര്‍വിവാഹം വരെ പ്രതിമാസം 8,000 രൂപ ജീവനാംശം നല്‍കാനും കര്‍ണാടക ഹൈകോടതിയുടെ ഈ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. ‘ഭര്‍ത്താവ് വിവാഹത്തിന്റെ ബാധ്യതകള്‍ നിറവേറ്റുന്നില്ലെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ കഴിവില്ലെന്നും ഭാര്യ ആരോപിച്ചു. എന്നാല്‍, ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും യുവതി നല്‍കിയിട്ടില്ല. അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍ ഭര്‍ത്താവിന്റെ അന്തസിനെ ഹനിക്കുന്നതാണ്’, കോടതി നിരീക്ഷിച്ചു.
വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് ഭര്‍ത്താവ് അറിയിച്ചു. എന്നാല്‍, മെഡികല്‍ പരിശോധനയിലൂടെ ആരോപണം തെളിയിക്കുന്നതില്‍ ഭാര്യ പരാജയപ്പെട്ടു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം ബലഹീനത അപ്രീതിക്ക് കാരണമാകില്ല. ഇത്തരം വ്യാജ ആരോപണങ്ങള്‍ മാനസിക പീഡനമാണെന്നും ഭര്‍ത്താവിന് വേണമെങ്കില്‍ വിവാഹമോചനം ആവശ്യപ്പെടാമെന്നും ഹൈകോടതി പറഞ്ഞു.