ആലപ്പുഴ : കുത്തകാവൽക്കരിക്കപ്പെട്ട കേന്ദ്ര സർക്കാരിന്റെ നയങ്ങൾ വിദ്യാഭ്യാസ മേഖലയെ വഴിതിരിച്ച് വിടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സാമൂഹ്യ മാറ്റത്തിനും എല്ലാവർക്കും വിദ്യാഭ്യാസത്തിനുമായി സർക്കാർ സ്വീകരിച്ച പല നയങ്ങളും കേന്ദ്രം വരേണ്യ വർഗത്തിന് മാത്രമായി ചുരുക്കി .
മനുഷ്യ വിഭവശേഷി കുത്തകകൾക്ക് നൽകാനുള്ള മാർഗമാക്കി വിദ്യാഭ്യാസ രംഗത്തെ മാറ്റിയെന്നും കാനം കൂട്ടിച്ചേർത്തു . മോഡി ഭരണത്തിൽ വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയും ശാസ്ത്ര ബോധവും അസ്തമിച്ചു . ആശയ സംവാദത്തിന്റെ വേദികളിയിരുന്ന സർവ്വകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയാണ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗോളവൽക്കരണ കാലത്ത് കേന്ദ്ര സർക്കാർ ക്ഷേമ രാഷ്‌ട്ര സങ്കൽപ്പം മാറ്റിയെങ്കിൽ ഇപ്പോൾ മത രാഷ്‌ട്ര സങ്കൽപ്പമാണ് പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു . ജനാധിപത്യ സങ്കൽപ്പങ്ങളായ പാർലമെന്റും നിയമസഭയും ഇനി എത്ര നാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . എൽ ഡി എഫ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തി .
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ചൂഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട് . ഈ രംഗത്ത് സാമൂഹ്യ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ് . ദേശിയ വിദ്യാഭ്യാസ നയത്തിൽ നിന്ന് വ്യത്യസ്ഥമായ വിദ്യാഭ്യാസ സംമ്പ്രദായമാണ് കേരളത്തിന് അനിവാര്യമെന്നും കാനം പറഞ്ഞു . പി കബീർ , ബിബിൻ ഏബ്രഹാം , സി കെ ബിജിത്ത് ലാൽ , അമൽ അശോകൻ , പ്രിജി ശശിധരൻ , ചിന്നു ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത് . സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു .
സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മായിൽ , മന്ത്രിമാരായ കെ രാജൻ , ജി ആർ അനിൽ , എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ , സെക്രട്ടറി ടി ടി ജിസ്‌മോൻ , എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ ,പി എഫ് സി ടി സംസ്ഥാന പ്രസിഡന്റ് ഡോ . സി ഉദയകല , സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ , ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു . നാദിറ ബഹറിൻ രക്തസാക്ഷി പ്രമേയവും ആർ എസ് രാഹുൽരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു . സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . അസ്‌ലം ഷാ നന്ദി പറഞ്ഞു .