കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി പിടിയിൽ : എട്ടു വർഷങ്ങൾക്കുശേഷം വലയിലാക്കിയത് കോട്ടയം രാമപുരം പോലീസ്

കോട്ടയം : കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ. 2017 ൽ രാമപുരം ചിറക്കൽ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസ്സിലെ പ്രതി ബിജീഷ് എന്ന സാമ്പാർ മണിയാണ് കോട്ടയം രാമപുരം പോലീസിന്റെ പിടിയിലായത്.

Advertisements

2017ൽ നടന്ന മോഷണത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ രാമപുരം പോലീസ് സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും അന്വേഷണത്തിൽ നിന്നും പിൻവാങ്ങാൻ പോലീസ് തയ്യാറായിരുന്നില്ല. 2024 ജൂലൈ മാസം ആധുനിക വിരലടയാള സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയതിൽ സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം വിജീഷ് എന്ന സാമ്പാർ മണിയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും അയാളെ കണ്ടെത്തുക എന്നത് പോലീസിന് മുൻപിലെ വലിയൊരു കടമ്പയായിരുന്നു.
ഇയാൾ ഒരു സ്ഥലത്ത് എത്തിയാൽ അവിടെയുള്ള ക്ഷേത്രങ്ങളും പള്ളികളും വിദേശ മദ്യഷാപ്പുകളും നോക്കി വയ്ക്കുകയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വെളുപ്പിന് ഒരു മണിക്കും മൂന്നുമണിക്കും ഇടയിൽ മോഷണം നടത്തി തിരികെ പോകാൻ പറ്റുന്നതുമായ സ്ഥലം തിരഞ്ഞെടുക്കുകയും ആണ് ചെയ്യുന്നത്. സ്ഥിരമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച് എടുക്കുന്ന ഫോൺ ഉപയോഗിക്കുന്നതാണ് രീതി.

തമിഴ്നാട്ടിലെ ഊട്ടിയിൽ വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇയാളെയും കൂട്ടാളികളെയും പിടകൂടാനുള്ള ശ്രമത്തിൽ പോലീസ് എൻകൗണ്ടറിൽ പോലീസ് വെടിവച്ചാണ് ഇയാളെ പിടികൂടിയത്. കർണാടകയിലെ വനപ്രദേശങ്ങളിൽ പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചു വരികയായിരുന്ന ഇയാളെ കണ്ടെത്തുക എന്നത് ശ്രമകരമായ പണിയായിരുന്നു പോലീസിന്. 2024 ജൂലൈയിൽ പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞത് മുതൽ തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലായി രാമപുരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കർണാടക ബോർഡറിൽ വനപ്രദേശത്ത് സ്വാമി എന്ന പേരിൽ ഇയാൾ താമസിച്ചു വരുന്നുണ്ട് എന്ന് രാമപുരം പോലീസിന് സൂചന ലഭിച്ചു. പ്രതിയുടെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കിയ രാമപുരം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കർണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിൽ വയനാട് കോട്ടയം തിരുവനന്തപുരം ആലപ്പുഴ കോഴിക്കോട് ജില്ലകളിലായി 15ൽ പരം മോഷണം കേസുകളും. തമിഴ്നാട്ടിൽ ആറു മോഷണ കേസുകളും കർണാടകയിൽ രണ്ട് മോഷണ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഇയാൾക്കെതിരെ മറ്റു മോഷണ കേസുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എയുടെ നിർദ്ദേശ പ്രകാരം രാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ കെ യുടെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനീത്, സിവിൽ പൊലീസ് ഓഫിസർ ശ്യാം മോഹൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളം കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലായി തെളിയാതെ കിടക്കുന്ന പല മോഷണ കേസുകൾക്കും ഇയാൾ പ്രതിയായി വിചാരണ മുടങ്ങി കിടക്കുന്ന കേസുകൾക്കും ഈ അറസ്റ്റ് ഒരു വഴിത്തിരിവാകും.

Hot Topics

Related Articles