കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സെമിനാരിയിലെ സെക്യൂരിറ്റി ജീവനക്കാരന് 25 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. മാങ്ങാനം ആനത്താനം ഭാഗത്ത് പള്ളിനീരാക്കൽ വീട്ടിൽ വർഗീസി (ബാബു-60)നെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായി ഇരുപത്, അഞ്ചു വർഷം വീതമാണ് ശിക്ഷയെങ്കിലും ഏറ്റവും കൂടിയ ശിക്ഷയായ 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ അടചില്ലെങ്കിൽ രണ്ടു വർഷവും രണ്ടു മാസവും കൂടി ശിക്ഷ അനുഭവിക്കണം.
2016 മെയ് മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അതിജീവിതയെ പിതാവിൻ്റെ സുഹൃത്തായ വർഗീസ് വീട്ടിലെത്തിയ ശേഷം തൊട്ടടുത്ത സെമിനാരിപ്പറമ്പിലെ കുറ്റിക്കാട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയെ നിരന്തരം കുറ്റിക്കാട്ടിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുന്നത് പെൺകുട്ടിയുടെ ഇരട്ടസഹോദരി കാണുകയായിരുന്നു. തുടർന്നു കുട്ടി ഇതു സംബന്ധിച്ചു സഹോദരിയോട് ചോദിച്ചു. ഇതോടെ അതിജീവിത കാര്യങ്ങൾ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, സ്കൂളിൽ എത്തിയ അതിജീവിതയുടെ ഇരട്ടസഹോദരിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ കുട്ടിയെ കൌൺസിലിംങിന് വിധേയയാക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി സഹോദരിയ്ക്കു നേരിട്ട പീഡനം തുറന്നു പറഞ്ഞത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനെയും ചൈൽഡ് ലൈൻ പോലീസിനെയും അറിയിച്ചു. തുടർന്ന് മണർകാട് സ്റ്റേഷൻ ഹൌസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 376 (2) (എൻ), (ഐ), (ജെ)എന്നീ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമം 6,10 വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണ് എന്നു കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ ആറാം വകുപ്പ് പ്രകാരം ഇരുപത് വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കഠിന തടവും അനുഭവിക്കണം. പോക്സോ പത്താം വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവും 50000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്. 11 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷൻ 15 പ്രമാണങ്ങൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.