കോട്ടയം: തിങ്കളാഴ്ചത്തെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയം നഗരത്തിൽ വിറ്റ ടിക്കറ്റിന്. കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും കോഴിച്ചന്തയിലും അടക്കം ടിക്കറ്റ് വിറ്റ് നടക്കുന്ന നാട്ടകം പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വാകത്താനം പൊങ്ങന്താനം പുത്തൻപറമ്പിൽ എം.ജെ അന്നമ്മ എന്ന ലോട്ടറി വിൽപ്പനക്കാരി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം നഗരമധ്യത്തിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്നാണ് അന്നമ്മ ടിക്കറ്റ് വിൽപ്പനയ്ക്കായി വാങ്ങിയിരുന്നത്.
തിങ്കളാഴ്ച അന്നമ്മയുടെ കയ്യിൽ നിന്നും വിറ്റഴിച്ച WE758930 എന്ന നമ്പരിനുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് തന്നെ താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അന്നമ്മയ്ക്ക് വിവരം ലഭിച്ചിരുന്നു. ഈ ടിക്കറ്റിന്റെ കൗണ്ടർ ഫോയിലും ആധാർകാർഡും അടക്കമുള്ള രേഖകൾ അന്നമ്മ ഉടൻ തന്നെ മീനാക്ഷി ലക്കി സെന്ററിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, ലോട്ടറി അടിച്ച ഭാഗ്യവാൻ ആരാണെന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം പഞ്ചായത്തിന് സമീപത്തെ വാടക വീട്ടിലാണ് അന്നമ്മയും മകനും താമസിക്കുന്നത്. മകൻ ടി.പി നിധീഷ് ഡിഗ്രി വിദ്യാർത്ഥിയാണ്. ലോട്ടറി വിൽപ്പന ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയത്. ഈ സാഹചര്യത്തിൽ ലോട്ടറിയുടെ തുകയുടെ കമ്മിഷൻ ലഭിച്ചാലും ലോട്ടറി വിൽപ്പന തുടരുമെന്നു തന്നെയാണ് അന്നമ്മയുടെ നിലപാട്.