കോട്ടയം:കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള അശാസ്ത്രീയമായുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കേരള ഗവ: മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ പരിശോധനയ്ക്ക് മുന്നോടിയായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലേക്ക് തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ , കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 61 സ്പെഷ്യലിസ്റ്റ് അധ്യാപകരെയാണ് ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റി വിടുതൽ ഉത്തരവ് നൽകിയത്.
കോന്നിയിലേക്ക് 33 പേരെയും, ഇടുക്കിയിലേക്ക് 28 പേരെയും സ്ഥലം മാറ്റി, അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മെഡിക്കൽ കോളേജുകളിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ നടപടി പൂർത്തിയാക്കാനായി സർക്കാർ പുതിയ പോസ്റ്റ് അനുവദിച്ചതിൽ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. തസ്തികകളിൽ പി.എസ്. സി 2023 ഒക്ടോബറിൽ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നെങ്കിലും അതിന് ശേഷം പി.എസ്. സിയിൽ നിന്നും ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല. സമയ ബന്ധിതമായി പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുരുന്നുവെങ്കിൽ ഇപ്പോൾ നിലവിലെ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അത് നടപ്പിലാക്കാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു .
നേരത്തെ തന്നെ സർക്കാർ ഇത്തരത്തിലുളള നടപടികൾ കൈകൊണ്ടപ്പോൾ കെജിഎംസിടിഎ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്നത് കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ സ്റ്റാറ്റസിന് കോട്ടം തട്ടാതിരിക്കാനും, വിദ്യാർത്ഥികളുടെ ഭാവിക്ക് പ്രശ്നം ഉണ്ടാകാതിരിക്കുവാനുമായിരുന്നു. എന്നാൽ കാലങ്ങളായി തുടർന്ന് വരുന്ന നാഷണൽ മെഡിക്കൽ കൗൺസിലിനെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ സമരത്തിന് ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് കെജിഎംസിടിഎ അറിയിക്കുന്നു . കേവലം ഒരു വർഷം മുൻപ് ജനറൽ ട്രാൻസ്ഫറിൽ സ്ഥലം മാറ്റം ലഭിച്ചവരെ പോലും യാതൊരു വിധ മാനദണ്ഡവും പരിഗണിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണ് . ഇതിൽ പലരുടേയും മക്കൾക്ക് വാർഷിക, ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകളും, എൻട്രൻസ് പരീക്ഷയും ഉൾപ്പെടെ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുളള സ്ഥലം മാറ്റം അവരുടെ കുടുംബത്തേയും താളം തെറ്റിക്കും. ഗൈനക്കോളജി, ഓർത്തോ, ഡെർമറ്റോളജി വിഭാഗത്തിലെ നിയമനം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ അവസരത്തിലാണ് പല സ്ഥലം മാറ്റങ്ങളും.
ആധാർ അധിഷ്ഠിത പഞ്ചിങ് ക്രമക്കേട് ശ്രദ്ധയിൽ പെട്ടാൽ, ഉത്തരവാദികളായ ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പല തവണ താക്കീത് നൽകിയിട്ടുള്ളതാണ്. ഇത് വക വയ്ക്കാതെ
സ്ഥലം മാറ്റപ്പെട്ടവരുടെ ആധാർ ഡേറ്റ പഞ്ചിംഗ് ഉൾപ്പെടെ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തി ഇവർക്ക് എന്ന് തിരികെ വരാനാകുമെന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താത്ത ഈ നടപടി പിൻവലിക്കണമെന്നും ഭാരവാഹികളായ ഡോ ബിന്ദു സജിത്, ഡോ ജെനീഷ് ജോയി എന്നിവർ ആവശ്യപ്പെട്ടു.