ന്യൂഡല്‍ഹി: നൈജറില്‍ താമസിക്കുന്ന അത്യാവശ്യമില്ലാത്ത ഇന്ത്യ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നൈജറിലെ സാഹചര്യം നിരീക്ഷിച്ച് വരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നൈജറിലെ നിലവിലെ സാഹചര്യം കാരണം വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നതിനാല്‍, നാട്ടിലേക്ക് പുറപ്പെടാൻ ആഗ്രഹിക്കുന്ന ആളുകള്‍ കരയിലൂടെ യാത്ര ചെയ്യുമ്ബോള്‍ പ്രത്യേക മുൻകരുതലുകള്‍ എടുക്കണമെന്ന് വിദേശകാര്യ വക്താവ് നിര്‍ദേശിച്ചു. അതുപോലെ നൈജറിലേക്ക് യാത്ര ചെയ്യുന്നവര്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലൂടെ പുറപ്പെടുന്നവര്‍ സുരക്ഷ ഉറപ്പാക്കാൻ പരമാവധി മുൻകരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ നൈജറിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവരും സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ യാത്രാ പദ്ധതികള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ സൈന്യം പുറത്താക്കിയ ജൂലൈ 26 മുതല്‍ രാജ്യം പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിനിടെ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ ഏഴാമത്തെ അട്ടിമറിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നും സഹേല്‍ മേഖലയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാന സഖ്യകക്ഷിയുമായ രാജ്യത്ത് അട്ടിമറി ആഭ്യന്തര രാഷ്ട്രീയം മൂലമാണ് ആരംഭിച്ചത്. എന്നാല്‍ പ്രത്യാഘാതം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.