തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നതെന്നും ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടയിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിന്റെ പിറകെ പോയി സമരം ചെയ്താൽ മറ്റ് വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി ചോദിച്ചു. ഒരു കാർ വാങ്ങുന്നതോ വിദേശത്തേക്ക് പോകുന്നതോ ചെലവ് ചുരുക്കൽ വിഷയമല്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്ലിഫ് ഹൗസിൽ തൊഴുത്ത് കെട്ടാൻ നാൽപ്പത് ലക്ഷമെന്നത് തെറ്റായ പ്രചാരണമാണെന്നും ധനമന്ത്രി പ്രതികരിച്ചു. ക്ലിഫ് ഹൗസിൽ ആകെയുള്ള പ്രവൃത്തിക്കാണ് നാൽപ്പത് ലക്ഷം അനുവദിച്ചത്. ഇന്ധന സെസ് കൂട്ടിയത് വിപണിയിൽ വിലക്കയറ്റമുണ്ടാക്കുമെന്നും ഭൂമിയുടെ ന്യായവില കൂട്ടിയത് പ്രതികൂലമായി വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് പ്രതിപക്ഷം ബഡ്ജറ്റിനെ വിലയിരുത്തുന്നത് ദു:ഖകരമാണെന്ന് കെ എൻ ബാലഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമുണ്ട്. രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകളും മന്ത്രി എണ്ണിപ്പറഞ്ഞു. ‘രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല. കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യാനുള്ള താത്പര്യമാണ് വന്നത്. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്രം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കലാണ് കേന്ദ്രത്തിന്റെ നയം. കേരളത്തിന്റേതാകട്ടെ സംരക്ഷിക്കലും.’ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ധനമന്ത്രി എണ്ണിപ്പറഞ്ഞു. അറുപത് ലക്ഷത്തിലധികം പേർക്കാണ് കേരളം പെൻഷൻ കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.