ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ പടർന്നു പിടിക്കാനുള്ള പ്രധാന കാരണം വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധനകളിലെ പിഴവുകളെന്ന ഗുരുതര ആരോപണവുമായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധനകളിൽ നെഗറ്റീവ് ആയവരുടെ കുടുംബാംഗങ്ങളിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം കൊവിഡ് കണ്ടെത്തുന്നതായി മന്ത്രി പറഞ്ഞു. ഒരുപക്ഷേ വിദേശത്ത് നിന്ന് എത്തുന്നവർ കൊവിഡ് പൊസിറ്റീവ് ആയിരിക്കാമെന്നും വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനകളിൽ ഇത് കണ്ടെത്താൻ സാധിക്കാത്തത് കാരണമാകും ഈ സാഹചര്യം രൂപപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവ സീസണിനോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര വിമാനങ്ങളുടെ വരവോടുകൂടിയാണ് ന്യൂഡൽഹിയിലടക്കം കൊവിഡ് കേസുകൾ വർദ്ധിച്ചതെന്നും രണ്ടാം തരംഗത്തിലും രാജ്യത്തെ സ്ഥിതി വഷളാക്കിയത് പ്രവാസികളുടെ മടങ്ങിവരവോട് കൂടിയാണെന്നും സത്യേന്ദർ ജയിൻ ആരോപിച്ചു.
വിമാനത്താവളങ്ങളിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയ നിരവധി പേരെ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യപ്രവർത്തകർ വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നെന്നും ഇവരിൽ പലരും പൊസിറ്റീവ് ആയെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പ്രവാസികളുടെ ബന്ധുക്കൾക്കും രോഗം പിടിപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും വിമാനത്താവളങ്ങളിലെ പരിശോധന കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.