തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്‌ഇബി അറിയിച്ചു. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തില്‍ വൈദ്യുതോത്പാദനത്തിനായി കല്‍ക്കരി ലഭ്യമാക്കിയതെന്നും കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുത്തനെ ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ പവർ എക്ചേഞ്ചില്‍ നിന്ന് വലിയ വിലയ്ക്ക് തത്സമയം വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കേരളം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് കെഎസ്‌ഇബി അറിയിച്ചു.