തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലൂടെ ‘കേരള മോഡല്‍ നോളജ് സൊസൈറ്റി’യാക്കി ഉയര്‍ത്തുന്നതിനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു.
നാല് വര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കുസാറ്റ് എന്നീ സര്‍വ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പഠനബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നയവിശദീകരണ ശില്പശാലയുടെയും ചര്‍ച്ചയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂതനമായ സമീപന ശൈലികളിലൂടെ നിലവിലുളള അധ്യയന രീതി കാലാനുസൃതമായി പരിഷ്കരിക്കും. ബിരുദ കോഴ്സുകളുടെ കരിക്കുലം പരിഷ്കരണത്തോടൊപ്പം നിലവിലുളള പരീക്ഷാരീതികളും പരിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജനപക്ഷ ബദലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈജ്ഞാനിക മേഖലയുടെ അതിരുകള്‍ വികസിക്കുന്നതിനനുസരിച്ച് വിവിധ ഇന്റര്‍ഡിസിപ്ലിനറി, മള്‍ട്ടിഡിസിപ്ലിനറി കോഴ്സുകള്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ലഭ്യമാക്കും. ഓരോ സര്‍വ്വകലാശാലയും കോളേജും അവരവരുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ക്കനുസൃതമാണ് നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ആവിഷ്കരിക്കേണ്ടത്. ഇതിന് പര്യാപ്തമായ ഒരു മാതൃക മാത്രമാണ് സര്‍ക്കാര്‍ തയ്യാറാക്കി നല്‍കുക.