കൊച്ചി : കേരള സാങ്കേതിക സര്‍വകലാശാല മുൻ വൈസ് ചാൻസലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കാല്‍ നോട്ടീസും തുടര്‍ നടപടികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സര്‍ക്കാറിന്റെ പ്രതികാര നടപടികള്‍ സര്‍വീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നല്കിയ ഹരജിയിലാണ് കോടതി വിധി.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതല ഏറ്റെടുത്ത നടപടി ചൂണ്ടിക്കാട്ടിയാണ് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന് ട്രൈബ്യൂണല്‍ നല്കിയ നിര്‍ദേശം. തുടര്‍ന്നാണ് സിസ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.