തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ നാളെ അടിയന്തര സിന്റിക്കേറ്റ് യോഗം ചേരും. നാളെ രാവിലെ പതിനൊന്നര മണിക്കാണ് യോഗം ചേരുക. സിന്റിക്കേറ്റ് യോഗം വിളിക്കണമെന്ന് 16 ഇടത് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയിരുന്നു. ഭാരാതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി സിന്റിക്കേറ്റ് യോഗം പുനപരിശോധിച്ചേക്കും. വിസി ഡോ. മോഹൻ കുന്നുമ്മൽ നിലവിൽ അവധിയിലാണ്. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി സിസ തോമസിനാണ്.
ഇന്ന് കേരള സര്‍വ്വകലാശാലയിൽ വിസിക്കെതിരെ ഇടത് സിന്റിക്കേറ്റ് അംഗങ്ങൾ പ്രതിഷേധിച്ചു. വിവിധ സെഷനുകളിൽ പരിശോധനക്കെത്തിയ വിസി സിസ തോമസിനെ ഇടത് സിന്റിക്കേറ്റ് അംഗങ്ങൾ തടഞ്ഞു. അടിയന്തര സിന്റിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വച്ച് സെനറ്റ് ഹാളിൽ നടന്ന സെമിനാറിൽ ഗവര്‍ണര്‍ പങ്കെടുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നാലെയാണ് റജിസ്ട്രാറെ ഗവര്‍ണര്‍ സസ്പെന്റ് ചെയ്തത്. ഇതിലടക്കം വലിയ പ്രതിഷേധമാണ് സര്‍വ്വകലാശാലയിൽ നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം,ഭാരതാംബ ചിത്ര വിവാദത്തിൽ കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ല. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജി വിശദ വാദത്തിനായി മാറ്റിയ ഹൈക്കോടതി ഭാരതാംബയുടെ ചിത്രം മതചിഹ്നമാകുന്നത് എങ്ങനെയാണെന്നാണ് ചോദിച്ചത്.
ഗവർണർ പങ്കെടുത്ത പരിപാടിയെ കുറച്ച് കൂടി ഗൗരവത്തോടെ രജിസ്ട്രാർ സമീപിക്കേണ്ടതായിരുന്നെന്ന പരാമർശവും സിംഗിൾ ബെഞ്ചിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസമുണ്ടായി. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ വിസിക്ക് സസ്പെൻഡ് ചെയ്യാമെന്നും സിൻഡിക്കേറ്റ് അനുമതി വാങ്ങിയാൽ മതിയെന്നും കോടതി നിരീക്ഷിച്ചു.