കൊച്ചി: കേരളത്തിന്റെ സ്വന്തം ജലവിമാനം വൈകിട്ട് 3.30ന് കൊച്ചി ബോള്‍ഗാട്ടി കായലിൽ പറന്നിറങ്ങി. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും.
വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി സ്വീകരിക്കാൻ കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതല്‍ 30 വരെ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകള്‍ ഉണ്ടാകും. വിനോദസഞ്ചാരികള്‍ക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയില്‍ ആസ്വദിക്കാം. ഇതിനായി ‘ വാട്ടർ എയറോ ഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോള്‍ഗാട്ടിയില്‍ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.