മലപ്പുറം: ഒരേ ദിനം, രണ്ടു വ്യത്യസ്ത പരീക്ഷകള്‍, ഏത് പരീക്ഷ എഴുതണമെന്ന ആശങ്കയിലാണ് കേരളത്തിലെ ഉദ്യോഗാർഥികള്‍.യു.ജി.സിയുടെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), കേരള പി.എസ്.സിയുടെ ഡിഗ്രി ലെവല്‍ പ്രിലിമിനറി എന്നീ പരീക്ഷകള്‍ ഈ മാസം 28ന് ഒരുമിച്ചെത്തിയതാണ് ഇവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കേരള പബ്ലിക് സർവിസ് കമ്മിഷൻ്റെ (കെ.പി.എസ്.സി) ഡിഗ്രി ലെവല്‍ രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷ 28ന് നടത്താൻ നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു.
സെക്രട്ടറിയേറ്റ് അസിസ്റ്റൻഡ്, എക്സൈസ് ഇൻസ്പെക്ടർ (സ്പെഷല്‍ റിക്രൂട്ട്മെന്റ്), റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ, ആർമ്ഡ് പൊലിസ് സബ് ഇസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം മാർച്ച് മൂന്നിന് തന്നെ പുറത്തിറക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ട പരീക്ഷ മെയ് 24ന് നടന്നു. രണ്ടാം ഘട്ട പരീക്ഷക്കായി ഉദ്യാഗാർഥികള്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുട്ടടി പോലെ യു.ജി.സി നെറ്റ് പരീക്ഷക്കുള്ള അറിയിപ്പെത്തിയത്.
യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന് (യു.ജി.സി)കീഴിലുള്ള നാഷനല്‍ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) ജൂണ്‍ 21 മുതല്‍ 30 വരെയാണ് നെറ്റ് പരീക്ഷകള്‍ക്കായി നിശ്ചയിച്ചത്. ഏപ്രില്‍ 16ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ തീയതിയെകുറിച്ചുള്ള സൂചന ഉണ്ടായിരുന്നെങ്കിലും ജൂണ്‍ ആറിന് അന്തിമ വിജ്ഞാപനമിറങ്ങിയപ്പോള്‍ 28ാം തീയതിയും പരീക്ഷാ ദിനമായി നിശ്ചയിക്കപ്പെട്ടു.
ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ നടക്കുന്ന 28ന് തന്നെ ഹിസ്റ്ററി, സൈക്കോളജി, അറബി, ഫിസിക്കല്‍ എജ്യുക്കേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് ,ആയുർവേദ ബയോളജി, തുടങ്ങിയ വിഷയങ്ങളിലുള്ള നെറ്റ് പരീക്ഷയും നിശ്ചയിക്കപ്പെട്ടതോടെ ഉദ്യോഗാർഥികള്‍ ആശയക്കുഴപ്പത്തിലായി. രണ്ട് പരീക്ഷയും എഴുതാൻ തയാറെടുക്കുന്നവർ ഇതോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ധർമ സങ്കടത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു പരീക്ഷകളും ഒരേ ദിവസത്തില്‍ നിശ്ചയിക്കപ്പെട്ടതിനാല്‍ 28ന് നടക്കുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമഭ്യർഥിച്ച് നിരവധി വിദ്യാർഥികള്‍ കേരള പി.എസ്.സിക്ക് മുന്നിലെത്തി.
വകുപ്പ് മന്ത്രിമാർക്കും അധികൃതർക്കും ഇ മെയിലിലൂടെയും മറ്റും പരാതികളയച്ചിട്ടുണ്ടെന്ന് ഉദ്യോഗാർഥികള്‍ പറയുന്നു. നേരത്തെ യു.പി.എസ്.സി സിവില്‍ സർവിസ് പ്രിലിമിനറി പരീക്ഷക്കൊപ്പം ഒരേ ദിവസം നിശ്ചയിച്ചിരുന്ന എല്‍.എല്‍.ബി പ്രവേശന പരീക്ഷ മാറ്റിവെച്ചിരുന്നു. അതുപോലെ ഡിഗ്രി ലെവല്‍ പരീക്ഷയും മാറ്റിവെച്ചേക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പാണ് കേരളത്തിലെ ഒരു പറ്റം ഉദ്യോഗാർഥികള്‍.