കേരളഗാന വിവാദം: “പാട്ട് ചോദിച്ചത് വകുപ്പ് സെക്രട്ടറി, വേണ്ടെന്നത് കമ്മിറ്റി തീരുമാനം, ഒരു വാഗ്ദാന ലംഘനവും ഇവിടെ നടന്നിട്ടില്ല; പദ്ധതിയും സര്‍ക്കാറിന്റേത്” : സച്ചിദാനന്ദൻ

തിരുവനന്തപുരം: കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ അക്കാദമി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്. അദ്ദേഹം എഴുതിയത് പറ്റില്ലെന്ന് കണ്ടെത്തിയതും വകുപ്പ് സെക്രട്ടറി കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. ഇവിടെ ഒരു വാഗ്ദാന ലംഘനവും നടന്നിട്ടില്ല. അക്കാദമിയുടെ അധ്യക്ഷൻ കമ്മിറ്റിയിലെ വെറും ഒരു അംഗം മാത്രമാണ് എന്നും കെ സച്ചിദാനന്ദൻ വിശദീകരിക്കുന്നു.

Advertisements

ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സർക്കാരിന്റേതാണ്. ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ. സത്യങ്ങൾ വ്യക്തമാക്കി ശ്രീകുമാരൻ തമ്പിക്ക് നേരിട്ട്  ഇമെയിൽ അയച്ചിട്ടുണ്ടെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ.എം. ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്‍റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍റെ വിശദീകരണം. എന്നാല്‍, പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ.എം ലീലാവതി പ്രതികരിച്ചത്. ഇതിനിടെ, അനുനയ നീക്കത്തിന്‍റെ സൂചനയുമായി സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണവും വന്നു. വിഷയത്തില്‍ ശ്രീകുമാരൻ തമ്പിയും സച്ചിദാനന്ദനും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സജി ചെറിയാന്‍റെ പ്രതികരണമുണ്ടായത്. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. ശ്രീകുമാരൻ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേർത്തുപിടിക്കുന്ന ഗവൺമെൻറ് ആണ്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിൻറെ അഭിപ്രായം തേടാറുണ്ട്. ശ്രീകുമാരൻ തമ്പി തനിക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ  വിഷയത്തിൽ നിന്നും താൻ ഒഴിഞ്ഞു മാറുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 

സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്‍റെ തുടക്കം. എന്നാൽ, തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്നാണ് വിദഗ്ധസമിതി കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പരസ്യമാക്കിയതോടെ  വിവാദം പൊട്ടിത്തെറിയിലേക്ക് വഴിമാറുകയായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ കേരളഗാനം ക്ലീഷേ ആയത് കൊണ്ടാണ് നിരസിച്ചതെന്നായിരുന്നു സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്‍റെ പ്രതികരണം. ശ്രീകുമാരൻ തമ്പിയുടെ പാട്ട് മോശമാണെന്ന് എം.ലീലാവതി ഉൾപ്പെട്ട കമ്മിറ്റി കണ്ടെത്തി എന്നു പറഞ്ഞ്  അക്കാദമി തടിയൂരാനും ശ്രമിച്ചു. 

എന്നാൽ താനാ പാട്ട് കണ്ടിട്ടേയില്ലെന്ന് ഡോ. എം.ലീലാവതി തുറന്നടിച്ചതോടെയാണ് അക്കാദമി വെട്ടിലായത്. സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് പിന്നാലെ അവസരം ഉണ്ടാക്കി തന്നെ ബോധപൂർവ്വം അപമാനിച്ചെന്ന് പറഞ്ഞ് ശ്രീകുമാരൻ തമ്പി തുറന്നടിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മതിയായ യാത്രാപ്പടി നല്‍കാതെ അപമാനിച്ചയച്ചെന്ന വിവാദം കത്തുന്നതിനിടെയാണ് സാഹിത്യ അക്കാദമിയെ പിടിച്ചു കുലുക്കി ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാന വിവാദം ഉയര്‍ന്നുവന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.