തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളുയർത്തി ബി.ഡി.ജെ.എസ് പുറത്തെടുക്കുന്നത് സമ്മർദ്ദ തന്ത്രമെന്ന് സൂചന.പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് മുമ്ബ് നല്‍കാമെന്ന് ഏറ്റിരുന്ന ചില സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം.എന്നാല്‍ ഇത്തരം പതിവ് സമ്മർദ്ദത്തിന് മുമ്ബില്‍ ഇപ്പോള്‍ വഴങ്ങേണ്ടതില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തുഷാറിനെ മത്സരിപ്പിക്കാൻ ബി.ജെ.പി ചില ഓഫറുകള്‍ മുന്നോട്ട് വെച്ചിരുന്നതായി പറയപ്പെടുന്നു. പക്ഷേ ഫലം വന്നപ്പോള്‍ ബിഡിജെഎസിന്‍റെ അധിക വോട്ടുകള്‍ പെട്ടിയില്‍ വീണതായി കണ്ടില്ല. ഇതോടെ ജോർജ്ജ് കുര്യനടക്കം കേന്ദ്രമന്ത്രിയായിട്ടും തുഷാറിന്റെ കാര്യത്തില്‍ ഒന്നുമുണ്ടായില്ല.അതിന് പുറമേ തൃശ്ശൂരില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം പാർട്ടിക്കു കരുത്തു പകരുകയും ചെയ്തു. കോട്ടയത്ത് ഉദ്ദേശിച്ച മുന്നേറ്റമുണ്ടാക്കാൻ തുഷാറിന് കഴിയാതിരുന്നതോടെ അദ്ദേഹം വീണ്ടും തഴയപ്പെട്ടു.ഈഴവ വിഭാഗങ്ങളെ ബി.ജെ.പിയോട് അടുപ്പിക്കുകയെന്ന തന്ത്രമാണ് ബി.ഡി.ജെ.എസിന്‍റെ രൂപീകരണത്തോടെ ബി.ജെ.പി ലക്ഷ്യമിട്ടതും നേടിയതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈഴവ സമൂഹത്തെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഒരു പരിധിവരെ ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. ഇനി ബി.ഡി.ജെ. എസ് പോയാലും അണികള്‍ ബിജെപിയുടെ പോക്കറ്റിലാണ്.ബി.ഡി.ജെ.എസ് പ്രസിഡണ്ട് ആയിരുന്ന അക്കീരമണ്‍ കാളിദാസ ഭട്ടതിരിയടക്കം ഇന്ന് ബി.ജെ.പിക്കൊപ്പമുള്ള നിലപാടിലാണ്. സി.പി.എമ്മിന്റെ വോട്ട് ബാങ്കായ ഈഴവ വിഭാഗത്തില്‍ ബി.ജെ.പി കടന്നുകയറുകയും ചെയ്തു. ഇതോടെ ബി.ഡി.ജെ.എസിനെ വേണ്ട രീതിയില്‍ ഗൗനിക്കാനും പാർട്ടി തയ്യാറായില്ല.അതുകൊണ്ട് തന്നെ പാർട്ടി എൻ.ഡി.എ വിട്ടാല്‍ ബ.ജെ.പിക്ക് നഷ്ടമുണ്ടാവില്ല. ഈഴവ വോട്ടുകള്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്ക് തിരിഞ്ഞതു കൊണ്ട് തന്നെ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് ബി.ഡി.ജെ.എസിനെ കൂടെക്കൂട്ടിയാലും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാനുമിടയല്ല.
ഇതിന് പുറമേ പാർട്ടി ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ പിതാവ് വെള്ളാപ്പള്ളി നടേശൻ എന്നിവർക്കെതിരെ ആദായനികുതി വിഭാഗത്തിലടക്കം ഏതാണ്ട് 20 ഓളം കേസുകളാണ് നിലവിലുള്ളത്.ഇതെല്ലാം കുത്തിപ്പൊക്കി അവരെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാവും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുക. കെ സുരേന്ദ്രന്‍റെ ആദ്യ പ്രതികരണത്തില്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കുള്ള മുന്നറിയിപ്പ് വ്യക്തവുമാണ്. അതുകൊണ്ട് തന്നെ നിലവിലെ മുന്നണി മാറ്റ ചർച്ചകള്‍ എങ്ങുമെത്താനുമിടയില്ല.നിലവില്‍ തുഷാർ കൂടി പങ്കെടുത്ത ബി.ഡി.ജെ.എസിന്റെ കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്നണി മാറ്റ ചർച്ചകള്‍ ഉയർന്നത്.
എൻ.ഡി.എ വിടണമെന്ന് ആവശ്യമുയർത്തി ജില്ലാ ക്യാമ്ബില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.9 വർഷമായി ബി.ജെ.പിയിലും എൻ.ഡി.എയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ ഉയർത്തുന്ന പ്രധാന പരാതി. തുഷാരിന് രാജ്യസഭയും കേന്ദ്ര സഹമന്ത്രി സ്ഥാനവുമാണ് വെള്ളാപ്പള്ളി കുടുംബം ലക്ഷ്യം വയ്ക്കുന്നത്.തല്‍ക്കാലം അതിലേയ്ക്ക് കാര്യങ്ങള്‍ എത്തില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ എൻ.ഡി.എയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.