ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ബുധനാഴ്ച(ഡിസംബർ 25) വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്.സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്.
തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ബുധനാഴ്ച(ഡിസംബർ 25)ന് 62,877 പേരാണ് ദർശനത്തിനെത്തിയത്. 9773 പേർ ഇതിൽ സ്‌പോട്ട് ബുക്കിങ് വഴിയെത്തിയതാണ്. നട അടയ്ക്കുന്ന വ്യാഴാഴ്ച(ഡിസംബർ 26) ഉച്ചയ്ക്ക് 12 മണി വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി 19,968 പേർ എത്തിയെന്നാണ് കണക്ക്. ഇതിൽ 4106 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയതാണ്.ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേടു വഴി ദർശനത്തിനെത്തിയത് 74,764 പേരാണ് എത്തിയത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയത്.